പറക്കുംകാറുകളുടെ ഉത്പാദനത്തിൽ യുഎസ് കമ്പനിയായ ടെസ്ലയെ പിന്നിലാക്കി ചൈനീസ് കമ്പനിയുടെ കുതിപ്പ്. ചൈനീസ് വൈദ്യുതവാഹന നിർമാതാക്കളായ എക്സ്പെങ്ങിന്റെ 'എക്സ്പെങ് എയ്റോഹ്' ആണ് പരീക്ഷണാടിസ്ഥാനത്തിൽ പറക്കുംകാറുകൾ ഉണ്ടാക്കിത്തുടങ്ങിയത്.തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷുവിലെ ഹുവാങ്പു ജില്ലയിലാണ് 1,20,000 ചതുരശ്രമീറ്റർ വിസ്‌തീർണമുള്ള നിർമാണശാല. പ്രതിവർഷം 10,000 പറക്കും കാറുകൾവരെ ഇവിടെ ഉണ്ടാക്കാനാകും.
റോഡിലൂടെ ഓടാനും ആവശ്യമെങ്കിൽ പറക്കാനും കഴിയുന്ന വാഹനങ്ങളാണ് പറക്കുംകാറുകൾ. ആറുചക്രങ്ങളുള്ള ഒരു ഗ്രൗണ്ട് വെഹിക്കിളും വേർപെടുത്താവുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) ബോഡിയുമാണ് എക്സ്പെങ്ങിൻ്റെ പറക്കുംകാറിനുള്ളത്.
ഇവയ്ക്ക് ഓട്ടോമാറ്റിക് മോഡും മാനുവൽ ഫ്ലൈറ്റ് മോഡുമുണ്ട്. കാറുകളുടെ മാതൃക വാഹനമേളകളിൽ 'എക്സ്പെങ്' പ്രദർശിപ്പിച്ചിരുന്നു.പരീക്ഷണപ്പറക്കലുകളും നടത്തിയിരുന്നു. ടെസ്ല, അലഫ് എയ്റോനോട്ടിക്സ് തുടങ്ങിയ കമ്പനികൾ ഇത്തരം കാറുകൾ ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.