ആപ്പിൾ വാച്ചിനായി പ്രത്യേക ആപ്പ് പുറത്തിറക്കി വാട്‌സാപ്പ്. ഐഫോൺ ഉപഭോക്താക്കൾക്ക് അവരുടെ ആപ്പിൾ വാച്ച് ഉപയോഗിച്ച് കോൾ അറിയിപ്പുകൾ കാണാനും വാട്‌സാപ്പ് സന്ദേശങ്ങൾ വായിക്കാനും വോയ്‌സ് മെസേജുകൾ റെക്കോർഡ് ചെയ്യാനും അയക്കാനുമെല്ലാം സാധിക്കുന്ന ആപ്പ് ആണിത്.
ഈ പുതിയ ആപ്പ് ആപ്പിൾ വാച്ചിൽ വാട്സാപ്പ് അനുഭവം മെച്ചപ്പെടുത്തും. നിങ്ങളുടെ ഐഫോൺ പുറത്തെടുക്കാതെ തന്നെ ചാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കും. മെസ്സേജുകൾ വായിക്കുന്നതിനും മറുപടി നൽകുന്നതിനും പുറമേ, ഉപഭോക്താക്കൾ ആവശ്യപ്പെട്ട നിരവധി ഫീച്ചറുകൾ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെറ്റ ഭാവിയിൽ ആപ്പിൾ വാച്ചിനായി കൂടുതൽ സൗകര്യങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഐപാഡിനുള്ള വാട്സാപ്പ് ആപ്പ് അവതരിപ്പിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ആപ്പിൾ വാച്ചിനായി ഔദ്യോഗിക ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ സ്നാപ്പ്ചാറ്റും ആപ്പിൾ വാച്ചിനായി ആപ്പ് പുറത്തിറക്കിയിരുന്നു.