റഡാർ നിരീക്ഷണത്തെ വെല്ലുവിളിക്കുന്ന ആധുനിക യുദ്ധതന്ത്രങ്ങളെ മറികടക്കുന്ന ആയുധങ്ങളാണ് വൻരാജ്യങ്ങളുടെ പക്കലുള്ളത്. റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇത്തരം റഡാറുകളെ കബളിപ്പിക്കാൻ പ്രത്യേക രൂപകൽപ്പനയും റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്ന പ്രത്യേകതരം കോട്ടിങ്ങുകളും ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളും മിസൈലുകളുമൊക്കെയാണ് യു.എസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉപയോഗിക്കുന്നത്. റഡാർ തരംഗങ്ങളെ കബളിപ്പിക്കുന്ന പ്രത്യേകതരം പദാർഥം ഇന്ത്യയും വികസിപ്പിച്ചിട്ടുണ്ട്.
യുദ്ധതന്ത്രങ്ങൾ മാറുന്ന ലോകത്ത് ഇന്ത്യ സമാനതകളില്ലാത്ത സ്റ്റെൽത്ത് ഭീഷണിയാണ് ഭാവിയിൽ നേരിടാൻ പോകുന്നത്. പ്രത്യേകിച്ച് ചൈനയിൽനിന്ന്. ഈ പ്രതിസന്ധി മറികടക്കാൻ പുതിയ തരം റഡാർ വികസിപ്പിക്കുകയാണ് ഇന്ത്യ. അതിനൂതനമായ ക്വാണ്ടം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന റഡാർ ആണ് ഇന്ത്യ വികസിപ്പിക്കുന്നത്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ഇതിൻ്റെ പണിപ്പുരയിലാണ്. നിലവിലെ ഗവേഷണം പുരോഗമിച്ചാൽ 2026-ൽ ഇതിന്റെ പ്രോട്ടോടൈപ്പ് തയ്യാറാകും. സ്റ്റെൽത്ത് വിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയും തിരിച്ചറിയാനാകുന്ന പ്രകാശ തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോണിക് റഡാർ നേരത്തെ വികസിപ്പിച്ചിരുന്നു.
ഇത് ഭാവിയിൽ റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റഡാറുകൾക്ക് പകരക്കാരനാകും. വളരെ ദൂരെനിന്നുതന്നെ സ്റ്റെൽത്ത് വിമാനങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നവയാണ് ഫോട്ടോണിക് റഡാറുകൾ. സ്റ്റെൽത്ത് വിമാനങ്ങളെ വളരെ ദൂരെനിന്ന് കണ്ടെത്താൻ ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്നത് വെരി ഹൈഫ്രീക്വൻസി(VHF) റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന റഡാറുകളാണ്.
വളരെദൂരെനിന്ന് തിരിച്ചറിയാനാകുമെങ്കിലും ഇവയെ കൃത്യമായി ലക്ഷ്യമാക്കാൻ ഇത്തരം റഡാറുകൾക്ക് സാധിക്കില്ല. ഇത് പ്രതിരോധം ദുർഘടമാക്കും. ഈ പ്രതിസന്ധി മറികടക്കാനാണ് ഫോട്ടോണിക് റഡാറിന് ഡിആർഡിഒ രൂപം നൽകിയത്. 2025 ജൂലൈയിൽ ഇതിന്റെ വിജയകരമായ പരീക്ഷണവും നടന്നു. ലോകത്ത് ഈ സാങ്കേതികവിദ്യയുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ചൈനയുടെ സ്റ്റെൽത്ത് യുദ്ധവിമാനമായ ജെ-20യെ 200 കിലോമീറ്റർ ദൂരെനിന്നുതന്നെ ലോക്ക് ചെയ്യാൻ ഈ റഡാറുകൾക്ക് സാധിക്കും. ഇവയെ തടസപ്പെടുത്താൻ നിലവിലെ റഡാർ ജാമിങ് സാങ്കേതിക വിദ്യകൾക്ക് സാധിക്കില്ല. വരുംവർഷങ്ങളിൽ ഇന്ത്യ-ചൈന യഥാർഥ നിയന്ത്രണരേഖയിലും പാക് അതിർത്തിയിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന അവാക്സ് ( AWACS) വിമാനങ്ങളിലും ഈ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ റഡാറുകൾ വരും.ഇവയ്ക്കും ചില പരിമിതികളുണ്ട്. ലക്ഷ്യത്തിനോട് പരമാവധി ഒരുമീറ്റർ കൃത്യതയാണ് ഇവ ഉറപ്പ് നൽകുന്നത്. എന്നുവെച്ചാൽ പറന്നുവരുന്ന യുദ്ധവിമാനത്തിനെ ലോക്ക് ചെയ്താലും ചിലപ്പോൾ അതിന്റെ കൃത്യത ഒരുമീറ്ററോളം വ്യത്യാസം വരാം. അങ്ങനെ വന്നാൽ ലക്ഷ്യമിടുന്ന വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഇത്തരം യുദ്ധവിമാനങ്ങളെ തകർക്കാൻ സാധിച്ചെന്നു വരില്ല. ഈ പ്രതിസന്ധിയെ മറികടക്കാനാണ് ക്വാണ്ടം റഡാറുകൾ അവതരിപ്പിക്കുന്നത്.