ഒരു സേഫ്റ്റി പിന്നിന്റെ വിലയെങ്കിലും ഉണ്ടോ? വിലമതിപ്പില്ലാത്ത ഒന്നാണെന്ന് സൂചിപ്പിക്കാൻ സംസാരത്തിനിടയിൽ ഇങ്ങനെയൊരു വാചകം പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ, ഇനി ആ ചോദ്യത്തിന് പ്രസക്തിയില്ല. കാരണം മുക്കാൽ ലക്ഷത്തിനടുത്ത് വില വരുന്ന ഒരു സേഫ്റ്റി പിൻ വിപണിയിൽ എത്തിക്കഴിഞ്ഞു. ഇറ്റലിയിലെ ആഡംബര ഫാഷൻ ഹൗസായ പ്രാഡയാണ് കീശയിൽ ഒതുങ്ങാത്ത വിലയിൽ സേഫ്റ്റി പിൻ പുറത്തിറക്കിയിരിക്കുന്നത്.
പ്രാഡയുടെ പിൻ വാങ്ങണമെങ്കിൽ 775 ഡോളർ (68,758 രൂപ) വിലയായി നൽകേണ്ടിവരും. എട്ടോ പത്തോ എണ്ണമടങ്ങുന്ന പിൻ സെറ്റിന് പരമാവധി 20 രൂപ മാത്രം വില നൽകി വാങ്ങുന്നവർ ഈ വില കേട്ട് കണ്ണു തള്ളുകയാണ്. പൊതുവേ പ്രാഡയിൽ നിന്നുള്ള ആഡംബര ആക്സസറികൾ വൻ വിലയിലാണ് വിറ്റു പോകുന്നതെങ്കിലും അത്രകണ്ട് വ്യത്യസ്തതയൊന്നുമില്ലാത്ത ഒരു സേഫ്റ്റി പിന്നിന് ഇത്രയും വില ഉണ്ടാവുമോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. പ്രാഡ പുറത്തിറക്കിയിരിക്കുന്ന ഉത്പ്പന്നം വസ്ത്രങ്ങളിൽ അലങ്കാരമെന്ന നിലയിൽ ഉപയോഗിക്കാവുന്ന ബ്രൂച്ചാണ്. ക്രോഷെയിൽ ഒരുക്കിയ ലളിതമായ ഡിസൈനുകളോടെയാണ് പ്രാഡ ബ്രൂച്ച് എത്തുന്നത്.
രണ്ടു നിറങ്ങളിലുള്ള ത്രെഡ് ഉപയോഗിച്ച് ഒരുക്കിയ പാറ്റേൺ സ്വർണ്ണ നിറത്തിലുള്ള പിന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തവിട്ട് നീല, പിസ്താ ഗ്രീൻ - ബേബി പിങ്ക്, ഓറഞ്ച് - തവിട്ട് എന്നീ മൂന്ന് കോമ്പിനേഷനുകളിലുള്ള ബ്രൂച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഇത്രയധികം വില ഇടേണ്ട കാര്യമുണ്ടോ എന്നതാണ് ആളുകളുടെ ചോദ്യം. വജ്രങ്ങളും അമൂല്യ രത്നങ്ങളും അടക്കമുള്ളവ ഉൾപ്പെടുത്തിയ ബ്രൂച്ചുകൾ ആഡംബര സ്റ്റോറുകൾ ലക്ഷക്കണക്കിന് രൂപയ്ക്ക് വിൽപനയ്ക്ക് വയ്ക്കുന്നത് റിയ കാര്യമല്ല. എന്നിരുന്നാലുംപ്രാഡയുടെ ബ്രൂച്ചിൽ എടുത്തു പറയത്തക്ക സവിശേഷതകൾ ഇല്ല എന്നതിനാൽ വിമർശിക്കുന്നവരാണ് അധികവും.