2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മഞ്ഞുമ്മൽ ബോയ്സ് അവാർഡുകൾ വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകൻ, തിരക്കഥ അടക്കം 10 അവാർഡുകൾ സിനിമ സ്വന്തമാക്കി. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമയെ അവിസ്മരണീയമാക്കിയ ഷംല ഹംസയാണ് മികച്ച നടി. ബൊഗെയ്ൻ വില്ലയിലെ അഭിനയത്തിന് ജ്യോതിർമയിക്ക് പ്രത്യേക പരാമർശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കർ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി പുരസ്കാര ജേതാക്കളായി.
തൃശൂർ രാമനിലയത്തിൽ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷൻ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിൽ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുൻപാണ് പൂർത്തിയായത്.