പലപ്പോഴും സ്പീഡ് ക്യാമറ കാണുന്നതും അമിത വേഗത്തിന്റെ കെണിയിൽ പെടുന്നതും ഒരുപോലെയാവും സംഭവിക്കുക. പരിചിതമല്ലാത്ത റോഡുകളാണെങ്കിൽ പ്രത്യേകിച്ചും. അൽപം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്നുവെന്ന് തോന്നാത്തവർ ഉണ്ടാവില്ല. അത്തരം നിരാശ ഇനി കിയ വാഹനങ്ങൾ ഓടിക്കുന്നവർക്കുണ്ടാവില്ലെന്നാണ് പുതിയ ഫീച്ചർ സൂചിപ്പിക്കുന്നത്. എംആർഡി വ്ളോഗ് സാണ് അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ കിയയുടെ പുതിയ ഫീച്ചറിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
കിയ സെൽറ്റോസ് എസ്യുവിയാണ് വ്ളോഗർ ഓടിക്കുന്നത്. മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റർ വേഗത്തിലാണ് വാഹനം പോകുന്നത്. ഇതിനിടെ ഓട്ടമേറ്റഡ് വോയ്‌സ് നോട്ടിഫിക്കേഷൻ ലഭിക്കുന്നു. 700 മീറ്റർ അകലെ സ്പീഡ് ക്യാമറയുണ്ടെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. ഒപ്പം ആണ് വേഗ പരിധിയെന്നും വോയ്‌സ് നോട്ടിഫിക്കേഷൻ പറയുന്നു.മണിക്കൂറിൽ 100 കിലോമീറ്റർ ആണ് വേഗ പരിധിയെന്നും വോയ്‌സ് നോട്ടിഫിക്കേഷൻ പറയുന്നു.
ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് ഫോണുമായി കണക്ട് ചെയ്തിട്ടില്ലെന്ന് ഡ്രൈവർ എടുത്തുപറയുന്നുണ്ട്. കിയ വിഡിയോയിൽ കാറുകളിലെ ഇൻ ബിൽറ്റ് ഫീച്ചറാണിതെന്നാണ് വ്ളോഗർ പറയുന്നത്. പുതിയ ഫീച്ചർ കിയ മോഡലുകളിലെ ഉയർന്ന മോഡലുകളിൽ ഒടിഎ അപ്ഡേറ്റായി ലഭിച്ചതാണെന്നും വ്ളോഗർ കൂട്ടിച്ചേർക്കുന്നുണ്ട്. ഇതിനു പിന്നാലെ സ്‌പീഡ് ക്യാമറ കടന്നു പോവുന്ന ദൃശ്യവും പങ്കുവെക്കുന്നുണ്ട്.
ഇൻ ബിൽറ്റ് നാവിഗേഷനുള്ള വകഭേദങ്ങളിലാണ് ഈ ഫീച്ചർ ലഭിക്കുക. സ്പീഡ് ക്യാമറകളുള്ള പാതകളിൽ കൃത്യമായ മുന്നറിയിപ്പ് ലഭിക്കുന്നതോടെ വാഹനം സുരക്ഷിത വേഗത്തിലാണെന്ന് ഉറപ്പിക്കാനുള്ള സാവകാശവും ഡ്രൈവർമാർക്ക് ലഭിക്കുന്നു. അങ്ങനെ എളുപ്പം ചലാനുകളിൽ നിന്നും രക്ഷപ്പെടാനുമാവും.