Drisya TV | Malayalam News

1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ

 Web Desk    25 Oct 2025

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തി 1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ. പുതിയ ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ ഇ.വി വാഹങ്ങളുടെ ചാർജിങ് അപര്യാപ്തത കുറക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവക്ക് പുറമെ പൊതുഗതാഗത സംവിധാനമായ ഇ.വി ബസുകൾക്ക് വരെ പുതിയ ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കാം.

60kW മുതൽ 240kW വരെ കപ്പാസിറ്റിയുള്ള ചാർജിങ് സ്റ്റേഷനുകളാണ് പി.എം ഇ-ഡ്രൈവ് സ്കീം വഴി നിർമിക്കുന്നത്. ഇത് ദീർഘദൂര യാത്രകളിൽ പാസഞ്ചർ, വാണിജ്യ വാഹനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. 6,000ത്തിലധികം പൊതു ചാർജിങ് സ്റ്റേഷനുകളാണ് കർണാടകയിലുടനീളം നിലവിലുള്ളത്. പുതിയ ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് അപര്യാപ്തത ഒരു പരിധിവരെ കുറക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പദ്ധതി സംബന്ധിച്ചുള്ള നിർദേശങ്ങൾ കേന്ദ്രഘന വ്യവസായ മന്ത്രാലയത്തിന് ഉടൻ സമർപ്പിക്കുമെന്ന് ബെസ്കോം മാനേജിങ് ഡയറക്‌ടർ എൻ. ശിവശങ്കര പറഞ്ഞു. പദ്ധതിയിൽ ട്രാൻസ്‌മിഷൻ ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, കണ്ടക്‌ടറുകൾ എന്നിവയ്ക്ക് 100 ശതമാനം വരെ സബ്സിഡി ലഭിക്കും. അതേസമയം മറ്റ് ഉപകരണങ്ങൾക്ക് 70 ശതമാനം വരെയും സബ്സിഡി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Share This Article
Drisya TV | Malayalam News