ജപ്പാൻ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി വൈദ്യുത കാർ വിഷൻ ഇ സ്പൈ ഇലക്ട്രിക് കാറിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് സുസുക്കി. ഒക്ടോബർ 29 മുതൽ ആരംഭിക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ സുസുക്കി പുറത്തുവിടും. ടോൾ ബോയ്, ബോക്സി ഡിസൈനിലെത്തുന്ന സുസുക്കി വിഷൻ ഇ-സ്കൈ ഇലക്ട്രിക് കാറിന് വാഗൺ ആറുമായാണ് സാമ്യത ഏറെയുള്ളത്. മാരുതി സുസുക്കിയിൽ നിന്നും ബജറ്റ് ഇവി കാറുകൾ ഇന്ത്യയിൽ പ്രതീക്ഷിച്ചിരിക്കുന്നതിനാൽ തന്നെ അടുത്തത് വാഗൺ ആർ ഇവിയാണോ എന്നതും ചർച്ചയാവുന്നുണ്ട്.
ജപ്പാനിൽ സുസുക്കി വിൽക്കുന്ന പെട്രോൾ വാഗൺ ആറിനോട് സമാനമായ രൂപമാണ് സുസുക്കി വിഷൻ ഇ-കൺസെപ്റ്റിനുള്ളത്. എങ്കിലും പിക്സ്റ്റൽ സ്റ്റൈൽ ലൈറ്റുകളും C രൂപത്തിലുള്ള എൽഇഡി ഡിആർഎല്ലുകളും ക്ലോസ്‌ഡ് ഓഫ് ഗ്രില്ലും വിഷൻ ഇ-ക്കുണ്ട്. ബംപറിന് പരന്ന രൂപമാണ്. ആകർഷകമായ നിറങ്ങളിലും ഈ ഇവി എത്തുമെന്ന സൂചനകളും സുസുക്കി പുറത്തുവിട്ട ചിത്രങ്ങൾ നൽകുന്നുണ്ട്.
വശങ്ങളിലേക്കുവന്നാൽ ഡോറിലേക്ക് ചരിഞ്ഞിറങ്ങുന്ന വീൽ ആർക്കുകളും പുതിയ വീലുകളും ബ്ലാക്ക്‌ഡ് ഔട്ട് എ, ബി പില്ലറുകളും കാണാനാവും.പെട്രോൾ വാഗൺ ആറിന് ഫ്ളാറ്റ് റൂഫാണെങ്കിൽ സ്വിഫ്റ്റിലും മറ്റും കണ്ടുവരുന്ന വശങ്ങളിൽ വളഞ്ഞിറങ്ങുന്ന റൂഫ് ഡിസൈനാണ് വിഷൻ ഇ-കൈക്കുള്ളത്. ഇത് സ്പോർട്ടി ലുക്ക് വാഹനത്തിന് നൽകുന്നുണ്ട്. പിന്നിൽ C രൂപത്തിലുള്ള ടെയിൽ ലൈറ്റുകലും ഫ്ളാറ്റ് ബംപരും വലിയ വിൻഡ്സ്ക്രീനും സ്പോയിലർ മൗണ്ടഡ് സ്റ്റോപ്പ് ലാംപുകളും നൽകിയിരിക്കുന്നു.
3,395 എംഎം നീളവും 1,475എംഎം വീതിയും 1,625 എംഎം ഉയരവുമുള്ള വാഹനമാണ് വിഷൻ ഇ-സ്കൈ. ഈ അളവുകളും ജപ്പാനിലെ വാഗൺ ആറുമായി ചേർന്നു പോവുന്നതാണ്. അതേസമയം പുതിയ വാഹനത്തിന്റെ വീൽബേസ് എത്രയാവുമെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും വാഗൺ ആറിന്റെ 2,450 എംഎമ്മിനോട് സമാനമായിരിക്കും വീൽബേസ് എന്ന് ന്യായമായും പ്രതീക്ഷിക്കാം.
2026 സാമ്പത്തിക വർഷത്തിലായിരിക്കും ഈ മോഡലിന്റെ പ്രൊഡക്ഷൻ മോഡൽ പുറത്തിറങ്ങുക. ഇന്ത്യൻ വിപണിയിൽ എത്തിയാൽ തിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവക്കെല്ലാം ഒത്ത എതിരാളിയായിരിക്കും വിഷൻ ഇ-സ്കൈ ബിഇവി.