മലയാള സിനിമാ ചരിത്രത്തിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'. 35 ദിവസം കൊണ്ട് 1 കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തിൽ കണ്ടത്. 21-ാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ കണ്ട ചിത്രമായി ഇതോടെ 'ലോക' മാറി. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50,000 ഷോകൾ പിന്നിടുന്ന ചിത്രം എന്ന റെക്കോർഡും ചിത്രത്തിനുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമായ 'ലോക' 290 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുകയാണ്.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രമായും 'ലോക' മാറി.മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യണിൽ കൂടുതൽ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി വിറ്റ ചിത്രം കൂടിയാണ്. റസ്‌റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'ലോക'.