പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രം 'ഡീയസ് ഈറെ' ഡിസംബർ അഞ്ച് മുതൽ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ഒക്ടോബർ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, മികച്ച പ്രേക്ഷക പ്രതികരണവും സാമ്പത്തിക വിജയവും നേടിയിരുന്നു. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ആദ്യ ഹൊറർ ചിത്രമെന്ന നിലയിൽ 'ഡീയസ് ഈറെ' ഏറെ ശ്രദ്ധിക്കപ്പെട്ടു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചത്. 'ഡീയസ് ഈറെ'യിലെ പ്രണവിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്.
തിയേറ്ററുകളിൽ ആദ്യ ദിനം 4.7 കോടി രൂപ നേടിയ ചിത്രം, രണ്ടാം ദിനം 22 ശതമാനം വർധനവോടെ 5.75 കോടി രൂപയും മൂന്നാം ദിനം 6.35 കോടി രൂപയും കരസ്ഥമാക്കി. നാല്, അഞ്ച് ദിവസങ്ങളിൽ യഥാക്രമം മൂന്ന് കോടിയും 2.50 കോടിയുമാണ് ഇന്ത്യയിൽ നിന്ന് 'ഡീയസ് ഈറെ'യുടെ ബോക്സ് ഓഫീസ് കളക്ഷൻ.