ക്ഷേത്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കാൻ ബൗൺസർമാരെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രോത്സവത്തിനിടെ ബൗൺസർമാർ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ്യകരമെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെയാണ് ബൗൺസർമാരെ ദേവസ്വം ബോർഡ് നിയമിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ പ്രകാശാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥനത്ത് ഒരു ക്ഷേത്രങ്ങളിൽ പോലും ഭക്തരെ നിയമിക്കാൻ ബൗൺസർമാരെ നിയോഗിക്കാൻ പാടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരുടെ ലഭ്യതക്കുറവ് മൂലമാണ് ബൗൺസർമാർ നിയോഗിച്ചെതെന്നായിരുന്നു ദേവസ്വം ബെഞ്ചിന്റെ വാദം. വിഷയത്തിൽ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചിരുന്നു.
തൃക്കേട്ട പുറപ്പാടിനിടെ ബൗൺസർമാർ ഭക്തജനങ്ങളെ പിടിച്ച് തള്ളുകയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ ഭക്തജന സംഘടനകളും ഹിന്ദു ഐക്യവേദിയടക്കമുള്ള ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ ലഭിക്കാതെ വരുമ്പോൾ മുൻ വർഷങ്ങളിൽ ഭക്തജന കൂട്ടായ്മകളാണ് ഇക്കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നത്.