ലൈസന്‍സ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പര്‍ എത്താത്തതിനാല്‍ കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നല്‍കുന്നത് നിലച്ചു. വിദേശങ്ങളിലേക്കു പോകുന്ന നൂറുകണക്കിനാളുകളാണ് ഇതുമൂലം പ്രതിസന്ധിയിലായത്.നാട്ടില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് വിദേശങ്ങളില്‍ എത്തിയാല്‍ അവിടെ വാഹനം ഓടിക്കാനുള്ള പ്രത്യേക അനുമതിരേഖയാണ് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് (ഐഡിപി). വിദേശത്തേക്കു പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് വിസ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പുസഹിതം അപേക്ഷിച്ചാലാണ് ഐഡിപി ലഭിക്കുക.
യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നതിനൊപ്പമേ ഐഡിപിക്ക് അപേക്ഷിക്കാനാകൂ. അതുകൊണ്ടുതന്നെ അപേക്ഷകര്‍ക്ക് ഇതിനായി അധികം കാത്തിരിക്കാന്‍ കഴിയില്ല. രേഖകള്‍ സഹിതം അപേക്ഷിച്ച് 1500 രൂപയും അടച്ചാല്‍ ഐഡിപി ലഭിക്കാന്‍ വിഷമമൊന്നുമുണ്ടായിരുന്നില്ല.
നാസിക്കിലെ കേന്ദ്ര പ്രസില്‍നിന്നുള്ള പ്രത്യേക പേപ്പറിലാണ് ഇത് അച്ചടിക്കേണ്ടത്. പേപ്പര്‍ എത്താത്തതാണ് ഐഡിപി നല്‍കുന്നത് നിലയ്ക്കാന്‍ കാരണമെന്ന് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ എത്തിയാല്‍ ഉടനെ അവിടത്തെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ എളുപ്പമല്ല. പല രാജ്യങ്ങളും ഐഡിപി ഉപയോഗിക്കാന്‍ മൂന്നുമാസം മുതല്‍ ഒരുവര്‍ഷംവരെയൊക്കെ അനുമതിനല്‍കാറുണ്ട്.പല രാജ്യങ്ങളിലും അവിടെ ആറുമാസമൊക്കെ താമസിച്ചുകഴിഞ്ഞവര്‍ക്കേ അതത് രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ അനുവദിക്കാറുള്ളൂ. അതുവരെ ഇവിടെനിന്നുള്ള ഐഡിപി ഉപയോഗിക്കാം. ഐഡിപി ഉള്ളവര്‍ക്ക് വിദേശരാജ്യങ്ങളില്‍ അവിടത്തെ ലൈസന്‍സ് എടുക്കാനും എളുപ്പമുണ്ട്.