ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും അടക്കമുള്ള പരാതികളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യമാകുന്നു. കോൺഗ്രസിനുള്ളിൽനിന്നുതന്നെ ശക്തമായ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ എംഎഎൽഎ സ്ഥാനം രാജിവെക്കുകയല്ലാതെ രാഹുലിനും പാർട്ടി നേതൃത്വത്തിനും മുന്നിൽ മറ്റുവഴികളില്ലെന്ന നിലയിലാണ് കാര്യങ്ങൾ എന്നാണ് പുറത്തുവരുന്ന വിവരം. മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കേയാണ് മറ്റൊരു യുവതിയുടെ പരാതികൂടി പുറത്തുവരികയും രാഹുലിനു മേലുള്ള സമ്മർദം അതിരൂക്ഷമാകുകയും ചെയ്തിതിരിക്കുന്നത്.
രാഹുലിനെതിരായ നടപടി സംബന്ധിച്ച് സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ആശയവിനിമയം നടത്തിയതായാണ് റിപ്പോർട്ട്. കെപിസിസിയുടെ ശുപാർശയിൽ എഐസിസി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. രാഹുൽ വിഷയത്തിൽ കെപിസിസി തലത്തിൽ ബുധനാഴ്ച കൂടിയാലോചന നടക്കും. ഇതിനു ശേഷമായിരിക്കും തീരുമാനം എഐസിസി നേതൃത്വത്തെ അറിയിക്കുക.
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ച കോടതി പരിഗണിക്കാനിരിക്കേ വീണ്ടും പീഡന പരാതി ഉയർന്നതോടെയാണ് കോൺഗ്രസിനു മുന്നിൽ മറ്റ് വഴികളില്ലാതെയത്. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഇ-മെയിലിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താൻ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയിൽ പറയുന്നു. ഇതോടെ രാഹുലിനെതിരേ കടുത്ത വിമർശനവുമായി സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തി.
രാഹുലിന്റെ കാര്യത്തിൽ ഇനി പ്രതീക്ഷയില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സസ്പെൻഷൻ എന്നത് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു മാർഗമായിട്ടാണ് കോൺഗ്രസ് പാർട്ടി അനുവർത്തിച്ചുവരുന്നതെങ്കിലും ഇക്കാര്യത്തിൽ ഇനി അതിന് സ്കോപ്പില്ലാത്ത സാഹചര്യത്തിൽ ശക്തമായിട്ടുള്ള നടപടി പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരേ കെപിസിസി കടുത്ത നടപടികൾക്ക് ഒരുങ്ങുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചതും അദ്ദേഹമാണ്.