Drisya TV | Malayalam News

ഒന്നരമാസം മുൻപു പാടത്തു പൊട്ടിവീണ വൈദ്യുതക്കമ്പി എടുത്തുമാറ്റുന്നതിനിടെ ഷോക്കേറ്റ് കർഷകനു ദാരുണാന്ത്യം

 Web Desk    3 Dec 2025

പാടത്തു പൊട്ടിവീണു കിടന്ന വൈദ്യുതക്കമ്പി എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് കർഷകനു ദാരുണാന്ത്യം. ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ.കുഞ്ഞിരാമനാണ് (65) മരിച്ചത്. ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുൻപു പൊട്ടിയതാണെന്നും പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണു മരണത്തിനു കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു. 

പാടത്തിനു നടുവിലെ വൈദ്യുതിലൈൻ സ്ഥിരമായി പൊട്ടിവീഴുന്നതിനാൽ മറുഭാഗത്തുകൂടി പുതിയ ലൈൻ സ്ഥാപിച്ചിരുന്നു. എന്നിട്ടും പഴയ ലൈനിലെ വൈദ്യുതി വിഛേദിച്ചിരുന്നില്ല. അതേസമയം, ലൈനിലേക്കുള്ള വൈദ്യുതി നേരത്തേ വിഛേദിച്ചതാണെന്നും എങ്ങനെയാണ് ഇതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായതെന്നു പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി മാവുങ്കാൽ സെക്‌ഷൻ അസി.എൻജിനീയർ പറഞ്ഞു.

പേരക്കുട്ടിയെ അങ്കണവാടിയിൽ വിട്ടശേഷം സമീപത്തെ തോട്ടത്തിൽ അടയ്ക്ക പെറുക്കാൻപോയ കുഞ്ഞിരാമനെ ഉച്ചയ്ക്കു രണ്ടിനാണു മരിച്ചനിലയിൽ കണ്ടെത്തിയത്. പൊട്ടിവീണ ലൈനിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം. കാലങ്ങളായി വീണുകിടക്കുന്ന ലൈനിൽ വൈദ്യുതിയുണ്ടാകില്ലെന്ന ധാരണയിൽ എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായെന്നാണു പ്രാഥമിക നിഗമനം.

  • Share This Article
Drisya TV | Malayalam News