Drisya TV | Malayalam News

ഡിജിലോക്കര്‍ ആപ്പുകളെ കണ്ണടച്ച് വിശ്വസിക്കുകയാണെങ്കിൽ പണിയാകുമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

 Web Desk    2 Dec 2025

രേഖകൾ കയ്യിൽ സൂക്ഷിക്കാൻ മടിയായത് കാരണം എല്ലാം ഡിജിറ്റലൈസ് ചെയ്ത് ശീലിച്ച പുതിയ കാലത്താണ് നാം ജീവിക്കുന്നത്. എല്ലാം ഞൊടിയിടയിൽ വിരൽത്തുമ്പിലെത്തുന്ന കാലത്ത് സാങ്കേതികമായ സൗകര്യങ്ങളെ ഉപയോഗിക്കാതെ മാറിനിൽക്കുന്നത് മണ്ടത്തരമാണെങ്കിലും ഒരൽപ്പം കരുതലാകാമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയവയിലൂടെ ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുൻപായി അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഡിജിറ്റൽ ഇന്ത്യ എക്‌സ് ഹാൻഡിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സർക്കാർ ഈ നിർദേശം നൽകിയത്.

ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പായി അവയുടെ ആധികാരികത കൃത്യമായി ഉറപ്പുവരുത്തണം. വ്യാജമായ ഡിജിലോക്കർ ആപ്പുകൾ ഉപയോക്താക്കളെ കബളിപ്പിക്കാനും അവരുടെ സെൻസിറ്റീവ് വിവരങ്ങൾ ദുരുപയോഗം ചെയ്യാനും ഉപയോഗിക്കുന്നുവെന്നാണ് പോസ്റ്റിൽ.

നിരവധിയാളുകൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായി ഉപയോക്താക്കൾ ഔദ്യോഗിക ആപ്പിന്റെ ലോഗോ, ഡെവലപ്പർ നാമം, ഡൗൺലോഡുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പോസ്റ്റിൽ കേന്ദ്രമന്ദ്രാലയം പറയുന്നു.

ഔദ്യോഗിക രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഗവൺമെന്റ് അംഗീകൃതമായ സംവിധാനമാണ് ഡിജിലോക്കർ. പേരിലുള്ളത് പോലെ ഓൺലൈൻ ലോക്കർ പോലെയാണ് സംവിധാനിച്ചിരിക്കുന്നത്. കടലാസിന്റെ രൂപത്തിലുള്ള രേഖകൾക്ക് പകരം ഡിജിലോക്കറിൽ ചേർത്ത ഡിജിറ്റൽ രേഖകൾക്ക് വിമാനത്താവളങ്ങളിലടക്കം പലയിടങ്ങളിലും സ്വീകാര്യമാണ്.

നിരവധി രേഖകൾ ശേഖരിച്ചുവെക്കാനാകുന്ന തരത്തിലാണ് ഡിജിലോക്കറിന്റെ പ്രവർത്തനം. ഐഡന്റിറ്റി രേഖകളായ ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെറെ രജിസ്ട്രേഷൻ രേഖകൾ, മാർക്ക്ഷീറ്റുകൾ, സർട്ടിഫിക്കറ്റുകൾ, ഇൻഷുറൻസ് പേപ്പറുകൾ എന്നിവ കൂടാതെ മറ്റനവധി രേഖകൾ ഡിജിറ്റലായി ശേഖരിച്ചുവെക്കാൻ ഡിജിലോക്കർ സഹായകമാണ്. അവശ്യനേരങ്ങളിൽ കാണാതാകുകയോ തെരഞ്ഞ് നേരം കളയുകയോ ചെയ്യുന്നതിന് പകരം രേഖകൾ ശേഖരിച്ചുവെക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധി കൂടിയാണിത്.

ഉപകാരങ്ങൾ നിരവധിയാണെങ്കിലും ആപ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്രം. തിരിഞ്ഞുകൊത്തുന്നതിന് മുമ്പായി ആപ്പിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് നിർദേശം.

  • Share This Article
Drisya TV | Malayalam News