Drisya TV | Malayalam News

മകളെ മൂന്ന് തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് 178 വര്‍ഷം കഠിനതടവ്

 Web Desk    20 Nov 2025

മകളെ മൂന്ന് തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് 178 വര്‍ഷം കഠിനതടവ് വിധിച്ച് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി. അരീക്കോട് സ്വദേശിയെയാണ് ജഡ്ജ് എ.എം.അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022ലും 2023ലുമായി പിതാവ് മൂന്നു തവണ പതിനൊന്നു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്തെന്നാണ് കേസ്.

പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പിലും നാൽപതു വര്‍ഷം വീതമാണ് കഠിന തടവ്. രണ്ടു ലക്ഷം വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവും അനുഭവിക്കണം. ഇത് കൂടാതെ പോക്‌സോ ആക്ടിലെ 9 എം, 9 എന്‍, ഐപിസി 506 എന്നീ വകുപ്പുകളില്‍ അഞ്ചു വര്‍ഷം വീതം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. കുട്ടിയെ മര്‍ദിച്ചതിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവും ശിക്ഷ വിധിച്ചു.

  • Share This Article
Drisya TV | Malayalam News