തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറും കൊടികളും നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവ നീക്കം ചെയ്യാനും ഉത്തരവാദികളിൽ നിന്ന് പിഴയീടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കുമാണ് ഹൈക്കോടതി നിർദേശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിക്കുന്നു എന്നു കാണിച്ചുള്ള ഹർജിയിലാണ് കോടതി നിർദേശം.
നേരത്തെ സംസ്ഥാനത്തെ അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യാനും പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചിരുന്നു. ഇവ നീക്കിയില്ലെങ്കിൽ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും ഉത്തരവാദിത്തം എന്ന് ഉത്തരവിൽ കോടതി എടുത്തുപറഞ്ഞിട്ടുണ്ട്.