മക്കളും ഭർത്താവുമില്ലാത്ത സ്ത്രീകൾ ഭാവിയിലെ സ്വത്തുതർക്കം ഒഴിവാക്കാനായി വിൽപ്പത്രം എഴുതിവെക്കണമെന്ന് അഭ്യർഥിച്ച് സുപ്രീംകോടതി. 1956-ലെ ഹിന്ദു പിന്തുടർച്ചാ നിയമമുണ്ടാക്കുമ്പോൾ സ്ത്രീകൾക്ക് സ്വയാർജിത സ്വത്തുക്കളുണ്ടാവില്ലെന്ന സങ്കല്പമായിരുന്നിരിക്കാം പാർലമെന്റിന്. എന്നാൽ, കഴിഞ്ഞ ദശാബ്ദങ്ങളിൽ സ്ത്രീകൾ കൈവരിച്ച പുരോഗതിയെ വിലകുറച്ച് കാണാനാവില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.
ഭർത്താവും കുട്ടികളുമില്ലാത്ത സ്ത്രീകൾ മരിച്ചുകഴിഞ്ഞാൽ സ്വത്തു സംബന്ധിച്ച് തർക്കമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ അഭ്യർഥന. അതേസമയം, ഇക്കാര്യത്തിൽ എന്തെങ്കിലും നിരീക്ഷണം നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.