ശബരിമലയിലെ തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് 5,000 ആയി കുറച്ചു. തിങ്കളാഴ്‌ച വരെയായിരിക്കും ഈ നിയന്ത്രണമെന്ന് ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ചുകൊണ്ട് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ ഇന്നു രൂക്ഷമായി വിമർശിച്ചിരുന്നു.
ശബരിമലയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്കിന് കാരണം വേണ്ടത്ര ഏകോപനം ഇല്ലാതിരുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. നിയന്ത്രണമില്ലാതെ നടത്തിയ സ്പോട്ട് ബുക്കിങ്ങാണ് ശബരിമലയിൽ തിരക്ക് അനിയന്ത്രിതമാക്കിയത്. ഇതോടെ, ഇന്നു മുതൽ സ്പോട്ട് ബുക്കിങ് 20,000 ആയി കുറച്ചിരുന്നു. പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന്റെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴു കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനമായിരുന്നു.
എന്നാൽ, തിരക്ക് പൂർണമായി നിയന്ത്രണ വിധേയമാവാനായി തിങ്കളാഴ്ച്‌ച വരെ ദിവസവും 5,000 സ്പോട്ട് ബുക്കിങ് അനുവദിക്കാനാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ നിർദേശം.