കുപ്രസിദ്ധ ഗുണ്ടാസംഘാംഗം അന്‍മോള്‍ ബിഷ്‌ണോയി അടക്കം 200 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തി. യുഎസില്‍നിന്ന് പുറപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തും.
അൻമോൾ ബിഷ്ണോയിക്ക് പുറമേ പഞ്ചാബിൽനിന്നുള്ള രണ്ട് പിടികിട്ടാപ്പുള്ളികളും നാടുകടത്തപ്പെട്ടവരിലുണ്ട്. ബാക്കി 197 പേർ അനധികൃത കുടിയേറ്റക്കാരാണ്. കുപ്രസിദ്ധ അധോലോകനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയസഹോദരനാണ് അൻമോൾ ബിഷ്ണോയി. മഹാരാഷ്ട്രയിലെ മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽക്കേസുകളിൽ ഇയാൾ പ്രതിയാണ്.
2024 അവസാനത്തോടെയാണ് അൻമോൾ ബിഷ്ണോയി കാലിഫോർണിയയിൽവെച്ച് പിടിയിലായത്. തുടർന്ന് പോലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു. പരോൾ കാലയളവിൽ ഇയാളെ നിരീക്ഷിക്കാനായി ഇലക്ട്രോണിക് സംവിധാനങ്ങളടക്കം യുഎസ് അധികൃതർ ഏർപ്പെടുത്തിയിരുന്നു. ആങ്കിൾ മോണിറ്റർ, ജിപിഎസ് സംവിധാനം തുടങ്ങിയവയാണ് പരോളിലിരിക്കെ നിരീക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. നേരത്തേ വ്യാജമായി നിർമിച്ച റഷ്യൻ രേഖകൾ ഉപയോഗിച്ചാണ് അൻമോൾ ബിഷ്ണോയി കാനഡയിലേക്കും അവിടെനിന്ന് യുഎസിലും എത്തിയതെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെത്തിയാൽ ഏത് ഏജൻസിയാണ് അൻമോൾ ബിഷ്ണോയിയെ ആദ്യം കസ്റ്റഡിയിലെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണ്. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായതിനാലും അധോലോക ബന്ധങ്ങളുള്ളതിനാലും എൻഐഎ ആയിരിക്കും പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം ബാബാ സിദ്ദിഖി കേസിലെ അന്വേഷണത്തിനായി മുംബൈ പോലീസിനും പ്രതിയെ കൈമാറിയേക്കും.