കഴിഞ്ഞദിവസത്തെ വന്‍തിരക്ക് കാരണം ശബരിമലയില്‍ ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മടങ്ങിയവര്‍ക്കായി പോലീസ് ദര്‍ശനത്തിന് അവസരമൊരുക്കുന്നു. ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മടങ്ങിയ ഭക്തരെ സന്നിധാനത്ത് തിരികെ എത്തിച്ച് ദര്‍ശനം സാധ്യമാക്കാനാണ് പോലീസിന്റെ തീരുമാനം.
വെര്‍ച്വല്‍ ക്യൂ ബുക്ക്‌ചെയ്തുവരുന്ന എല്ലാവര്‍ക്കും ദര്‍ശനം സാധ്യമാക്കുമെന്നും വെര്‍ച്വല്‍ ക്യൂ പാസ് എടുത്തിട്ട് ദര്‍ശനത്തിന് വന്ന ആര്‍ക്കെങ്കിലും തിരിച്ചുപോകേണ്ടിവന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും വീണ്ടും അവസരം കൊടുക്കുമെന്നും എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു. ''ഇത്തരത്തില്‍ മടങ്ങേണ്ടിവന്നവര്‍ പോലീസുമായി ബന്ധപ്പെട്ടാല്‍ അവര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കും. ഞങ്ങള്‍ അന്വേഷിച്ചിട്ട് അങ്ങനെ ആരും നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പക്ഷേ, മാധ്യമപ്രവര്‍ത്തകര്‍ ജാഗരൂകരായിട്ട് ഫീല്‍ഡില്‍ ഉള്ളതുകൊണ്ട് നിങ്ങളുടെ ശ്രദ്ധയില്‍ അങ്ങനെ ആരെങ്കിലും പെടുകയാണെങ്കില്‍ അവരെ ദയവുചെയ്ത് പോലീസിന്റെ അടുത്തേക്ക് പറഞ്ഞയക്കണം. വെര്‍ച്വല്‍ ക്യൂ പാസ് എടുത്ത് ഇവിടെവന്ന് ദര്‍ശനം കിട്ടാതെ ആരും പോകാന്‍ പാടില്ല എന്നുള്ള നിര്‍ബന്ധം പോലീസിനുണ്ട്. അത് ഞങ്ങള്‍ പൂര്‍ണമായി പാലിച്ചിരിക്കുന്നു'', എസ്. ശ്രീജിത്ത് പറഞ്ഞു.
അഭൂതപൂര്‍വ്വമായ തിരക്കിനെ തുടര്‍ന്ന് പാരിപ്പള്ളിയില്‍ നിന്നുള്ള സംഘം ദര്‍ശനം നടത്താതെ മടങ്ങിയ വാര്‍ത്ത മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ സംഘത്തെ തിരികെ വിളിച്ച് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്.