സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. 10 മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്. പരിശോധനയ്ക്കായി ശ്രീകോവിലിൽനിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്‌ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങുമെന്നാണ് വിവരം.
കട്ടിളപാളികളിലും ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽനിന്നും സാംപിളുകൾ ശേഖരിച്ചു. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാണ്. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞു നൽകിയതും അതിനു ശേഷം 2019ൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കൊണ്ട് സ്വർണം പൂശിച്ചതും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക ആയിരുന്നു പരിശോധനയുടെ ലക്ഷ്യം. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം സാംപിൾ ശേഖരിച്ചത്. പരിശോധനയുടെ ഫലം പ്രത്യേക സംഘം കോടതിയെ അറിയിക്കും.
ഇന്നലെ ഉച്ചപ്പൂജയ്ക്കു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ദേവന്റെ അനുജ്വാങ്ങിയായിരുന്നു തുടക്കം. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, ശബരിമല സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
സ്വർണത്തിന്റെ കാലപ്പഴക്കവും ശുദ്ധിയും (പ്യൂരിറ്റി) കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു പുറമേ ദേവസ്വം ബോർഡ് മുൻ കമ്മിഷണറും മുൻ പ്രസിഡന്റുമായ എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ എന്നിവർ റിമാൻഡിലാണ്. മറ്റുപ്രതികളെ ഇതുവരെ അറസ്റ്റ‌് ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇനിയുള്ള പ്രതികളെ പ്രത്യേക സംഘം ചോദ്യം ചെയ്യുക.