Drisya TV | Malayalam News

അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

 Web Desk    16 Nov 2025

അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ രണ്ടുപേർ മുങ്ങിമരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ ആനന്ദഭവനത്തിൽ ബിജു-അജിത ദമ്പതികളുടെ മകൻ ആദിത്യൻ (19), തെക്കതിൽ വീട്ടിൽ ബിജു-സിന്ധു ദമ്പതികളുടെ മകൻ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. രാവിലെ എട്ടുമണിയോടെ ദർശനത്തിനായി വീട്ടിൽ നിന്നും പുറപ്പെട്ട സംഘം 10.30ന് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കി കായലിൽ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാൻ ഇറങ്ങുകയായിരുന്നു. കൂട്ടത്തിലെ മറ്റു നാലുപേരും കരയിലെത്തിയപ്പോൾ ആദിത്യനും അഭിജിത്തും അടിയൊഴുക്കുള്ള ബോട്ട് ചാലിലേക്കു ഒഴുകിപ്പോയി. സംഭവം കണ്ട് അഭിജിത്തിനെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ ഒരാളും ചാലിൽപ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇവരെ കരയിലെത്തിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്ലസ്ട പഠനം പൂർത്തിയാക്കിയ ആദിത്യൻ മാടൻനടയിലെ ഹെൽമറ്റ് കടയിൽ ജോലി ചെയ്യുകയായിരുന്നു. മയ്യനാട് എച്ച്.എസ്.എസിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിയാണ് അഭിജിത്ത്. രക്ഷാപ്രവർത്തനത്തിന് സമീപവാസിയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ സഹീർ, സഹോദരൻ സാജിദ്, അജീർ എന്നിവർ നേതൃത്വം നൽകി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

  • Share This Article
Drisya TV | Malayalam News