സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്‌സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. ഇരു കമ്പനികൾക്കും കാരണംകാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം.
സംസ്ഥാന സർക്കാർ 2024-ൽ ഓൺലൈൻ അഗ്രിഗേറ്റർ നയമുണ്ടാക്കിയിട്ടുണ്ടെങ്കിലും മറ്റൊരു കമ്പനിമാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ബൈക്ക് ടാക്സസിക്ക് വേണ്ടിയാണ് ഇവർ അപേക്ഷ നൽകിയത്. ഇവരുടെ രജിസ്ട്രേഷനും പൂർത്തിയായിട്ടില്ല. ആവശ്യപ്പെട്ട വിവരങ്ങൾ ഇനിയും നൽകിയിട്ടില്ല.
അംഗീകൃത സ്ഥാപനങ്ങൾ ഓഫീസും കോൾസെന്ററും ഉൾപ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ, സ്വകാര്യ ഓൺലൈൻ ടാക്സി സേവനദാതാക്കൾ ഒന്നും സംസ്ഥാനത്ത് അംഗീകൃത ഓഫീസ് തുറന്നിട്ടില്ലെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. താത്കാലിക ജീവനക്കാർ മാത്രമാണുള്ളത്. ടാക്‌സി വാഹനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുകയാണ് ഇവർ ചെയ്യുന്നത്.
കേന്ദ്രസർക്കാരിൻ്റെ നിബന്ധന പ്രകാരം ഇവർ സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 2020-ൽ കേന്ദ്രം നയമുണ്ടാക്കിയെങ്കിലും 2024-ലാണ് സംസ്ഥാന നയം തയ്യാറായത്. 2025-ൽ കേന്ദ്രനയം പരിഷ്കരിച്ചെങ്കിലും സംസ്ഥാന നയം പുതുക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നിയമനടപടി സംബന്ധിച്ച് അന്തിമതീരുമാനം എടുക്കാനാണ് നിയമോപദേശം തേടിയത്.