ചന്ദ്രനിലും ചൊവ്വയിലുമെല്ലാം സ്ഥിരമായി മനുഷ്യവാസ കേന്ദ്രങ്ങൾ നിർമിക്കാനുള്ള പദ്ധതികളിലാണ് ബഹിരാകാശ പര്യവേക്ഷണ രംഗം. ബഹിരാകാശ നിലയത്തിലെന്ന പോലെ ദീർഘകാലം ഇവിടങ്ങളിൽ താമസിക്കുക എളുപ്പമല്ല, ഭക്ഷണവും വായുവും ഊർജവും തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പതിവില്ലാത്ത വഴികൾ തേടുകയാണ് യൂറോപ്യൻ ശാസ്ത്രജ്ഞർ.
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങുന്ന പ്രാണികളെ ബഹിരാകാശ ദൗത്യങ്ങളിൽ ഭക്ഷണയോഗ്യമാക്കാനാവുമോ എന്ന അന്വേഷണത്തിലാണിവർ. ഇതിനായി ലോകമെമ്പാടുമുള്ള ഭക്ഷണം, ജീവശാസ്ത്രം, ബഹിരാകാശം എന്നീ രംഗങ്ങളിലെ വിദഗ്‌ധരുമായി സഹകരിച്ചുവരികയാണ് യൂറോപ്യൻ സ്പേസ് ഏജൻസി.
പ്രാണികളെ തിന്നുക എന്നത് എല്ലാവർക്കും സ്വീകാര്യമായ ഒന്നല്ല. ചില ഏഷ്യൻ രാജ്യങ്ങളിൽ അത്തരം പതിവുണ്ടെങ്കിലും പലർക്കും പ്രാണികളോട് അറപ്പാണ്. എന്നാൽ പ്രാണികളെ ഭക്ഷിക്കുന്നത് സർവസാധാരണമായ ഒന്നാണെന്നാണ് ഇഎസ്എ പറയുന്നത്. ഭൂമിയിൽ 2000 ൽ കൂടുതൽ പ്രാണി വർഗത്തിൽപെട്ട ജീവികളെ മനുഷ്യർ ഭക്ഷിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികൾചർ ഓർഗനൈസേഷൻ പറയുന്നത്.
ചീവീടുകൾ, മീൽ വേം (meal worms) എന്നിവയിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അയേൺ, സിങ്ക് പോലുള്ള അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്.ഇത് കൂടാതെ ബഹിരാകാശ പരിസ്ഥിതികളോട് പൊരുത്തപ്പെടാൻ പ്രാണികൾക്ക് സാധിക്കുമെന്നതും ബഹിരാകാശ ദൗത്യങ്ങളിൽ അവയെ പരിഗണിക്കാനുള്ള കാരണങ്ങളിലൊന്നാണ്. പ്രാണികൾക്ക് മണ്ണ്, വെള്ളം, ഭക്ഷണം എന്നിവയുടെ ആവശ്യം കുറവാണ്. അതുകൊണ്ടുതന്നെ ബഹിരാകാശ ദൗത്യങ്ങളിൽ അവ അനുയോജ്യമാണ്.
ചീവീടുകളെയും യെല്ലോ മീൽ വേമുകളെയും ആഹാരത്തിൽ ഉൾപ്പെടുത്താനുള്ള അനുമതി ഇഎസ്എ നൽകിയിട്ടുണ്ട്. ഇവയെ മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളിൽ എങ്ങനെ വളർത്താമെന്നും പരിപാലിക്കാമെന്നും പരിശോധിച്ചു വരികയാണ് ഗവേഷകരിപ്പോൾ.