വ്യോമസേനയ്ക്കായി ലോകത്തെ ഏറ്റവും ശക്തിയേറിയ എയർലിഫ്റ്റ് വിമാനം നിർമിക്കാനൊരുങ്ങുകയാണ് ചൈന. ചരക്കുനീക്ക ശേഷിയിൽ നിലവിലുള്ള വിമാനങ്ങളുടെ കഴിവുകളെ മറികടക്കുന്ന ശേഷിയുള്ളതായിരിക്കും ഈ വിമാനമെന്നാണ് റിപ്പോർട്ടുകൾ. ഫ്യൂസ് ലേജും ചിറകുകളും ഒരൊറ്റ ലിഫ്റ്റിങ് പ്രതലത്തിലേക്ക് സംയോജിപ്പിക്കുന്ന 'ബ്ലെൻഡഡ് വിങ് ബോഡി' എന്ന നൂതനമായ എയറോഡൈനാമിക് ഘടനയായിരിക്കും വിമാനത്തിന്.ചൈന നിലവിൽ ഉപയോഗിക്കുന്ന വൈ20 വിമാനങ്ങളിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളുടെ വിമാനങ്ങളിൽ നിന്നും വേറിട്ട രൂപകൽപനാ തത്വമായിരിക്കും പുതിയ വിമാനത്തിൽ ചൈന പിന്തുടരുക. വലിയ അളവിൽ ഭാരവും ദൈർഘ്യമേറിയ യാത്രയും ഉറപ്പാക്കാൻ ഇതിനാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
120 മെട്രിക് ടൺ കാർഗോ വഹിക്കാനാവും വിധം ഒരുക്കുന്ന ഈ വിമാനത്തിന് ഒറ്റത്തവണ ഇന്ധനം നിറച്ച് 6500 കിലോമീറ്ററിലേറെ സഞ്ചരിക്കാനാവും. അതായത് വിമാനത്തിന് വീണ്ടും ഇന്ധനം നിറയ്ക്കാതെ ഭൂഖണ്ഡങ്ങളിലൂടെ തുടർച്ച യായി സഞ്ചരിക്കാനാവും. ചൈനയുടെ വൈ-20യുടെ റേഞ്ച് 4500 കിമീ ആണ്. യുഎസിന്റെ സി-5എം ഗാലക്സി വിമാനത്തിന് 4150 കിലോമീറ്ററാണ് റേഞ്ച്. പുതിയ വിമാനത്തിൻ്റെ പരമാവധി ടേക്ക് ഓഫ് ഭാരം 470 ടൺ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഇതുവരെ രൂപകൽപന ചെയ്തതിൽ ഏറ്റവും ഭാരമേറിയ എയർലിഫ്റ്റിങ് വിമാനങ്ങളിലൊന്നായി ഇത് മാറുന്നു.
"ബ്ലെൻഡഡ് വിങ് ബോഡി'' രൂപകൽപനയിലൂടെ വിമാനത്തിൽ കൂടുതൽ ചരക്കുകൾ ഉൾക്കൊള്ളാനുള്ള ഇടം ലഭിക്കുന്നു. ഒപ്പം വിമാനത്തിന്റെ എയറോഡൈനാമിക് കാര്യക്ഷമതയും മെച്ചപ്പെടുന്നു. നിലവിലുള്ള വിമാനങ്ങളേക്കാൾ കഴിവുള്ളതും നൂതനവുമായ എഞ്ചിനുകളായിരിക്കും ഈ പുതിയ വിമാനത്തിന് ശക്തിപകരുക.