Drisya TV | Malayalam News

ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കി UIDAI

 Web Desk    12 Nov 2025

ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ആധാര്‍ ആപ്പ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കി. ഫിസിക്കല്‍ ആധാര്‍ കാര്‍ഡിന് പകരം ഡിജിറ്റലായി ആധാര്‍ കോപ്പി സ്‌മാര്‍ട്ട്‌ഫോണില്‍ കൊണ്ടുനടക്കാനുള്ള സൗകര്യം, ബയോമെട്രിക്, ഫേസ് അണ്‍ലോക്ക് തുടങ്ങി അനേകം ഫീച്ചറുകള്‍ പുതിയ ആധാര്‍ ആപ്പിലുണ്ട്. പുത്തന്‍ ആധാര്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാം. പഴയ എം-ആധാര്‍ ആപ്പില്‍ നിന്ന് ഏറെ വ്യത്യസ്‌തമായാണ് പുത്തന്‍ ആധാര്‍ ആപ്പ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്.

മൾട്ടി-പ്രൊഫൈൽ മാനേജ്‌മെന്‍റ്: മൾട്ടി-പ്രൊഫൈൽ മാനേജ്‌മെന്‍റാണ് പുതിയ ആധാര്‍ ആപ്പിലെ ഒരു പ്രത്യേകത. ഒരേ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അഞ്ച് വരെ ആധാര്‍ കാര്‍ഡുകള്‍ ഒറ്റ ആപ്പില്‍ ചേര്‍ക്കാം. ഒരു വീട്ടിലുള്ളവരുടെ ആധാര്‍ കാര്‍ഡുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യല്‍ ഇത് എളുപ്പമാക്കുന്നു.ബയോമെട്രിക് സെക്യൂരിറ്റി ലോക്ക്: ആപ്പില്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ബയോമെട്രിക് ഓതന്‍റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യാം. നിങ്ങള്‍ ബയോമെട്രിക് വഴി ആപ്പ് അണ്‍ലോക്ക് ചെയ്യാതെ ആധാര്‍ വിവരങ്ങള്‍ മറ്റൊരാള്‍ക്കും പങ്കിടാനാവില്ല.

പുതിയ ആധാര്‍ ആപ്പില്‍ ഏതൊക്കെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് പങ്കിടാമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. നിങ്ങളുടെ പേരും ഫോട്ടോയും മാത്രം പങ്കുവെച്ചാല്‍ മതിയോ, ജനന തീയതിയും വിലാസവും മറയ്‌ക്കണോ എന്ന് ആപ്പില്‍ തീരുമാനിക്കാം. ഇത് സ്വകാര്യത കൂട്ടുന്ന ഫീച്ചറാണ്.

പേപ്പര്‍രഹിതമായും വേഗത്തിലും ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ നിങ്ങള്‍ക്ക് ആപ്പില്‍ ഒരു ആധാര്‍ ക്യൂആര്‍ കോഡ് ഓപ്ഷനുണ്ട്. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ക്യൂആര്‍ കോഡ് സ്‌കാനിംഗ് വഴിയാകും.

സേവ് ചെയ്‌ത് വച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്ലാത്ത സമയത്തും കാണാനാകും. എന്നാല്‍ പുത്തന്‍ ആധാര്‍ ആപ്പിന്‍റെ എല്ലാ ഫീച്ചറുകളും ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ്/ഡാറ്റാ കണക്ഷനുണ്ടായിരിക്കണം.

  • Share This Article
Drisya TV | Malayalam News