റഷ്യയും ഇറാനും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആദ്യ റഷ്യൻ ചരക്ക് ട്രെയിൻ പതിമൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇറാൻ തലസ്ഥാനമായ ടെഹ്റാനടുത്തുള്ള ആപ്രിൻ ഡ്രൈ പോർട്ടിൽ എത്തിചേർന്നു.
കടലാസ്, പൾപ്പ്, അനുബന്ധ ഉൽപ്പന്നങ്ങൾ വഹിച്ചുള്ള അറുപത്തി രണ്ട് കണ്ടെയ്നറുകൾ റഷ്യ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ 4,000 കിലോമീറ്ററിലധികം ദൂരം പന്ത്രണ്ട് ദിവസം സഞ്ചരിച്ച്, തുർക്ക്‌മെനിസ്ഥാനിലെ ഇഞ്ചെ-ബോറൂൺ അതിർത്തി ക്രോസിംഗ് വഴിയാണ് ചരക്ക് ട്രെയിൻ ഇറാനിൽ പ്രവേശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണെന്നും മധ്യേഷ്യയിലൂടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പതിവ് റെയിൽ സർവീസിന്റെ തുടക്കമാണെന്നാണ് ഇരു രാജ്യങ്ങളും പുതിയ സർവ്വീസിനെ വിശേഷിപ്പിച്ചത്.
അയൽരാജ്യങ്ങളുമായും കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സിലെ (സിഐഎസ്) അംഗങ്ങളുമായും മെച്ചപ്പെട്ട ഏകോപനത്തിലൂടെ കയറ്റുമതി, ഇറക്കുമതി, ഗതാഗതം എന്നിവയ്ക്കുള്ള ഒരു പ്രാദേശിക കേന്ദ്രമായി ഇറാൻ സ്വയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുവെന്നും, റഷ്യയിൽ നിന്നുള്ള കണ്ടെയ്നർ ട്രെയിൻ സർവ്വീസ് ഓരോ 10 ദിവസത്തിലൊരിക്കൽ ഇറാനിൽ എത്തുമെന്നും, ചരക്ക് സർവ്വീസുകളുടെ സേവനങ്ങൾ കൂടുതൽ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഇറാനിയൻ റെയിൽവേ ഓർഗനൈസേഷൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൊർട്ടെസ ജാഫാരി പറഞ്ഞു.