ഇന്ത്യയുമായി യുക്തിപൂർവമായ ഇടപാടിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാൻ പദ്ധതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു, കൂടാതെ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
"റഷ്യൻ എണ്ണ കാരണമാണ് ഇന്ത്യയുടെ മേൽ ഉയർന്ന തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഗണ്യമായി നിർത്തിയിരിക്കുന്നു," ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു. "ഞങ്ങൾ തീരുവ കുറയ്ക്കാൻ പോവുകയാണ്. ഒരുഘട്ടത്തിൽ ഞങ്ങൾ അത് കുറയ്ക്കും," ട്രംപ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച നടക്കുന്ന വ്യാപാര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: "ഞങ്ങൾ ഇന്ത്യയുമായി ഒരു കരാറുണ്ടാക്കുകയാണ്, മുൻപുണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന്. ഇപ്പോൾ അവർക്കെന്നെ ഇഷ്ടമല്ല, പക്ഷേ, അവർ ഞങ്ങളെ വീണ്ടും സ്നേഹിക്കും. ഞങ്ങൾക്ക് ന്യായമായ ഒരു ഇടപാട് ഉണ്ടാകും. ഒരു ന്യായമായ വ്യാപാര ഇടപാട്. ഞങ്ങൾക്ക് യുക്തിരഹിതമായ വ്യാപാര ഇടപാടുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങൾ ന്യായമായ ഒന്നിലേക്ക് എത്തുകയാണ്."തുടർന്ന് ട്രംപ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ ചൂണ്ടിക്കാട്ടുകയും എല്ലാവർക്കും ഉചിതമായ ഒരു കരാറിലേക്ക് അടുക്കുന്നു എന്ന വാദം ആവർത്തിക്കുകയും ചെയ്തു.