ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കും ഫെഡറൽ സർക്കാർ ഷട്ട്ഡൗണിനും അന്ത്യം കുറിച്ചുകൊണ്ട് യുഎസ് സെനറ്റിൽ ഇരുപാർട്ടികളുടെയും പിന്തുണയോടെയുള്ള ഒരു സുപ്രധാന കരാർ ഉടലെടുത്തു. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ് നീട്ടാനുള്ള ഈ നീക്കം, രാജ്യത്തെ ഏറ്റവുംദൈർഘ്യമേറിയ ഷട്ട്ഡൗൺ ഉടൻ അവസാനിക്കുമെന്നതിൻ്റെ ശക്തമായ സൂചനയാണ് നൽകുന്നത്. കഴിഞ്ഞ 40 ദിവസത്തോളമായി നീണ്ടുനിന്ന രാഷ്ട്രീയ തർക്കങ്ങൾക്ക് ശേഷം, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഒരുപോലെ പിന്തുണയ്ക്കുന്ന ഒരു സ്റ്റോപ്-ഗാപ്പ് (താത്കാലിക) ഫണ്ടിങ് ബില്ലിന്റെ വിശദാംശങ്ങൾ സെനറ്റ് നേതാക്കൾ പുറത്തുവിട്ടു.
ഈ ധാരണ പ്രകാരം, നിലവിൽ തടസ്സപ്പെട്ട സർക്കാർ പ്രവർത്തനങ്ങൾ അടുത്ത ജനുവരി അവസാനം വരെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കും. ഈ ഇടക്കാല ബില്ലിനൊപ്പം, സൈനിക നിർമാണം, വെറ്ററൻസ് കാര്യങ്ങൾ, കാർഷിക വകുപ്പ് തുടങ്ങിയ പ്രധാന ഏജൻസികൾക്ക് സെപ്റ്റംബർ 30, 2026 വരെ പൂർണ്ണ വർഷത്തേക്കുള്ള ഫണ്ടിങ് നൽകുന്ന മൂന്ന് സുപ്രധാന ധനവിനിയോഗ ബില്ലുകളും അവതരിപ്പിക്കാൻ നീക്കമുണ്ട്.
ഷട്ട്ഡൗൺ കാരണം ശമ്പളം ലഭിക്കാതെ വിഷമിച്ചിരുന്ന ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ഈ കരാർ വലിയ ആശ്വാസമാകും.ഷട്ട്ഡൗൺ അവസാനിക്കുമെന്ന ശുഭവാർത്ത സാമ്പത്തിക രംഗത്തും ഉണർവുണ്ടാക്കിയിട്ടുണ്ട്.സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂൺ ഈ ഡീൽ പൂർത്തിയാകാറായി എന്ന് അറിയിച്ചെങ്കിലും, ഇത് അന്തിമമല്ലെന്നും വോട്ടുകൾ എണ്ണിക്കഴിയുമ്പോഴേ പൂർണ്ണമാ ചിത്രം വ്യക്തമാകൂ എന്നും മുന്നറിയിപ്പ് നൽകി.