അമേരിക്കയുടെ ചുവട് പിടിച്ച് വീസ നിയമങ്ങൾ കാനഡയും കര്‍ശനമാക്കുന്നു.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ , സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍, രാജ്യാന്തര വിദ്യാര്‍ഥികള്‍ എന്നിവരെ കര്‍ശന വീസ പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. ക്രമക്കേട് കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ കാനഡയിൽ താമസിച്ച് വരുന്ന വിദേശ തൊഴിലാളികൾ, രാജ്യാന്തര വിദ്യാര്‍ഥികള്‍, സന്ദർശകർ എന്നിവർക്ക് അനുവദിച്ച വീസകൾ, സ്റ്റഡി പെർമിറ്റുകൾ, വർക്ക് പെർമിറ്റുകൾ എന്നിവ റദ്ദാക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ടുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. താൽക്കാലിക താമസക്കാർക്കുള്ള (Temporary Residents) വീസ അപേക്ഷകളിൽ തട്ടിപ്പും ദുരുപയോഗവും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, വീസ ഇഷ്യൂ ചെയ്ത ശേഷമോ, വിമാനത്തിൽ കയറുന്നതിനു മുൻപോ, വിമാനത്താവളങ്ങളുടെ പ്രവേശന കവാടത്തിൽ വെച്ചോ, അല്ലെങ്കിൽ കാനഡയിൽ താമസിക്കുന്ന കാലയളവിലോ പോലും ഉദ്യോഗസ്ഥർക്ക് വീസകൾ റദ്ദാക്കാൻ സാധിക്കും.പുതിയ നിയമപ്രകാരം, വീസ അപേക്ഷകരുടെ വ്യക്തിപരമായ വിവരങ്ങളും ഡോക്യുമെന്റേഷന്റെ ആധികാരികതയും കൂടുതൽ കർശനമായി പരിശോധിക്കും.
രാജ്യത്തെ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, താൽകാലിക താമസക്കാരുടെ (Temporary Residents) എണ്ണം അടുത്ത വർഷങ്ങളിൽ കുറയ്ക്കാൻ കാനഡ ലക്ഷ്യമിടുന്നുണ്ട്. ഇത് വിദേശ തൊഴിലാളികളുടെ ലഭ്യതയെയും ബാധിച്ചേക്കാം.
ഈ മാറ്റങ്ങൾ കാനഡയുടെ കുടിയേറ്റ പദ്ധതികളുടെ ദുരുപയോഗം തടയാനും രാജ്യത്തിന്‍റെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. ഇത് കാനഡയെ ലക്ഷ്യമിടുന്ന വിദേശ പൗരന്മാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്, കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കും.പുതിയ നിയമങ്ങള്‍ ആശങ്കയിലും അനിശ്ചിതത്വത്തിലുമാക്കിയിരിക്കുന്നത് കാനഡയിലെ താല്‍ക്കാലിക താമസക്കാരെയാണ്.
കാനഡയിലെ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ, ഇന്ത്യൻ വിദ്യാർഥികളുടെ വിസ അപേക്ഷകളുടെ നിരസിക്കൽ നിരക്ക് (Rejection Rate) വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. സ്റ്റഡി പെര്‍മിറ്റ് നിബന്ധനകള്‍ പാലിക്കാത്ത വിദ്യാര്‍ഥികളുടെ പെര്‍മിറ്റ് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. ഉദാഹരണത്തിന്, ക്ലാസുകളില്‍ കൃത്യമായി ഹാജരാകാതിരിക്കുക, അനുവദനീയമായതിലും കൂടുതല്‍ സമയം പാര്‍ട് ടൈം ജോലി ചെയ്യുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ സ്റ്റഡി പെര്‍മിറ്റ് റദ്ദാക്കപ്പെടാം. വീസ റദ്ദാക്കപ്പെട്ടാല്‍ പഠനത്തിനായി മുടക്കിയ വന്‍ തുക തന്നെ നഷ്ടമാകും. പുതിയ നിയമങ്ങള്‍ വന്നതോടെ കാനഡയിലേക്ക് പഠനത്തിനായി അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ വീസ അപേക്ഷകള്‍ നിരസിക്കാനുള്ള സാധ്യതയും വര്‍ധിച്ചു.
വര്‍ക്ക് പെര്‍മിറ്റുള്ള വിദേശ തൊഴിലാളികളേയും ഈ നിയമം പ്രതികൂലമായി ബാധിക്കും. വര്‍ക്ക് പെര്‍മിറ്റിലെ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ കര്‍ശനമായി പരിശോധിക്കും. വ്യവസ്ഥാലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കപ്പെടാം. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട വീസ അപേക്ഷകളില്‍ വ്യാപകമായ തട്ടിപ്പോ ദുരുപയോഗമോ കണ്ടെത്തിയാല്‍ ആ വിഭാഗത്തിലെ വീസകള്‍ കൂട്ടത്തോടെ റദ്ദാക്കാനുള്ള അധികാരം കാനഡ തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.