ടെസ്‌ല മേധാവി മേധാവി ഇലോണ്‍ മസ്‌കിന് ഒരു ട്രില്യണ്‍ (1,000,000,000,000) ഡോളറിന്റെ അതിഭീമമായ ശമ്പള പാക്കേജിന് അംഗീകാരം നല്‍കി കമ്പനിയുടെ ഓഹരി ഉടമകള്‍. ഒരു കോര്‍പ്പറേറ്റ് കമ്പനി മേധാവിക്ക് ചരിത്രത്തില്‍ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിഫലമാണിത്. കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രതിഫലം ഇലോണ്‍ മസ്‌കിനെ ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആക്കും. വോട്ടെടുപ്പില്‍ 75 ശതമാനത്തിലധികം ഓഹരി ഉടമകളും ഈ ശമ്പള പാക്കേജിനെ അനുകൂലിച്ചുവെന്ന് വാര്‍ഷിക യോഗത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് 490.1 ബില്യണ്‍ (49,010 കോടി) ഡോളര്‍ ആസ്തിയുള്ള 54-കാരനായ മസ്‌ക് നിലവില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. വമ്പന്‍ പ്രതിഫല പാക്കേജുമായി ബന്ധപ്പെട്ട് അദ്ദേഹം കമ്പനിക്കുവേണ്ടി നിരവധി ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. ടെസ്‌ലയുടെ വിപണി മൂല്യം 8.5 ട്രില്യണ്‍ (850,000 കോടി) ഡോളറായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ലക്ഷ്യങ്ങളും മസ്‌ക് കൈവരിക്കുകയാണെങ്കില്‍ കാര്‍ കമ്പനിയിലെ അദ്ദേഹത്തിന്റെ മൊത്തം ഓഹരിക്ക് ഏകദേശം 2.4 ട്രില്യണ്‍ (240,000 കോടി) ഡോളര്‍ മൂല്യമുണ്ടാകും. ഇത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ 460 ബില്യണ്‍ (46,000 കോടി) ഡോളര്‍ ആസ്തിയേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്. അതോടെ ഏഴ് രാജ്യങ്ങളൊഴികെ ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുടെയും നിലവിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ അദ്ദേഹത്തിന്റെ ആസ്തി മറികടക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
12 ഘട്ടങ്ങളായാണ് മസ്‌കിന് ഓഹരികള്‍ നല്‍കുക എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ടെസ്‌ല 2 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം കൈവരിക്കുകയും 20 ദശലക്ഷം വാഹനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്താല്‍ അദ്ദേഹത്തിന് ആദ്യ ഘട്ട ഓഹരികള്‍ ലഭിക്കും. ടെസ്‌ല 3 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനത്തിലെത്തുകയും 1 ദശലക്ഷം 'ഓപ്റ്റിമസ്' ഹ്യൂമനോയിഡ് റോബോട്ടുകളെ വിതരണം ചെയ്യുകയും ചെയ്താല്‍ അദ്ദേഹത്തിന് അടുത്ത ഘട്ടം ഓഹരികള്‍ ലഭിക്കും. ടെസ്ല എല്ലാ കടമ്പകളും മറികടന്നാല്‍, അതിന്റെ വിപണി മൂല്യം 8.5 ട്രില്യണ്‍ ഡോളറിലേക്ക് കുതിച്ചുയരും, അതോടെ കമ്പനിയുടെ നാലിലൊന്ന് ഓഹരികളും മസ്‌കിന്റെ ഉടമസ്ഥതയിലാകും.