Drisya TV | Malayalam News

തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഫ്യുജിയാന്‍ സൈന്യത്തിന്റെ ഭാഗമാക്കി ചൈന

 Web Desk    8 Nov 2025

തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ‘ഫ്യുജിയാന്‍’ സൈന്യത്തിന്റെ ഭാഗമാക്കി ചൈന. ഇതോടെ ചൈനയുടെ വിമാനവാഹിനികളുടെ എണ്ണം മൂന്നായി. ചൈനയുടെ ആദ്യ രണ്ട് കാരിയറുകളായ ലിയോണിങ്, ഷാന്‍ഡോങ് എന്നിവ റഷ്യന്‍ നിര്‍മിതമാണ്. എന്നാല്‍, ഫ്യുജിയാന്‍ ചൈന സ്വന്തമായി നിര്‍മിച്ചതാണ്. വിമാനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കുതിച്ചുയരാന്‍ സഹായിക്കുന്ന വൈദ്യുതകാന്തിക കാറ്റപ്പള്‍ട്ടുകള്‍ ( Electromagnetic catapult) ഉള്ള വിമാനവാഹിനിയാണ് ഫ്യുജിയാന്‍. ഈ സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിച്ച രണ്ടാമത്തെ രാജ്യമാണ് ചൈന. നിലവില്‍ യുഎസ് വിമാനവാഹിനികളില്‍ മാത്രമാണ് ഈ സാങ്കേതിക വിദ്യയുള്ളത്. ഈ സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കാനുള്ള തീരുമാനം ഷി ജിന്‍ പിങ് വ്യക്തിപരമായി എടുത്തതാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഷിന്‍ഹ്വ അവകാശപ്പെട്ടു.

യുദ്ധക്കപ്പലുകളുടെ എണ്ണത്തില്‍ യുഎസിനെ ചൈന മറികടന്നിരുന്നു. സൈനിക ആധുനികവത്കരണം അതിവേഗമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഫ്യുജിയാന്റെ വരവ്‌. പരന്ന ഫ്‌ലൈറ്റ് ഡെക്കാണ് ഈ വിമാനവാഹിനിക്കുള്ളത്. കാറ്റപ്പള്‍ട്ട് സംവിധാനം ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം വിമാനങ്ങള്‍ക്ക് ഇതില്‍നിന്ന് പറന്നുയരാന്‍ സാധിക്കും. കൂടുതല്‍ ഭാരമുള്ള ആയുധങ്ങളും ഇന്ധനവും വഹിക്കുന്ന വിമാനങ്ങളെ വഹിക്കാന്‍ സാധിക്കും. അതിനാല്‍ വളരെ അകലെ നിന്നുതന്നെ ശത്രുകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താന്‍ സാധിക്കും.

85,000 ടണ്‍ കേവ് ഭാരമുള്ള ഭീമന്‍ വിമാനവാഹിനി കപ്പലാണ് ഫ്യുജിയാന്‍. യു.എസിന്റെ പക്കലുള്ള സൂപ്പര്‍ കാരിയര്‍ കപ്പലായ കിറ്റി ഹോക്കിന് തുല്യമാണ്‌ ഫ്യുജിയാന്‍. 316 മീറ്ററാണ് നീളം. 76 മീറ്റര്‍ വീതിയുമുണ്ട്. 40 യുദ്ധവിമാനങ്ങളെയും 12 ഹെലികോപ്റ്ററുകളെയും വഹിക്കാനുള്ള ശേഷിയുണ്ട്. 2010-ലാണ് ഈ വിമാനവാഹിനിയുടെ നിര്‍മാണം തുടങ്ങിയത്. 2024-ല്‍ നീറ്റിലിറക്കി. 10 തവണയാണ് കടല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. നവംബര്‍ അഞ്ചിന് ഫ്യുജിയാന്റെ കമ്മീഷനിങ്ങും നടന്നു.

  • Share This Article
Drisya TV | Malayalam News