ആഗോള വിപണിയിൽ സ്വർണ വില സർവകാല റെക്കോഡ് തൊട്ടപ്പോൾ ഒപ്പം സോഡിയം സയനൈഡിന്റെ ഉത്പാദനവും കുതിച്ചുയർന്നു. സ്വർണം സംസ്കരിക്കാൻ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന രാസപദാർഥമാണ് സോഡിയം സയനൈഡ്. ആസ്ട്രേലിയയിലെ മെൽബൺ ആസ്ഥാനമായ ഒറിക ലിമിറ്റഡ്, ആസ്ട്രേലിയൻ ഗോൾഡ് റീജൻ്റ്സ് തുടങ്ങിയ കമ്പനികളാണ് ഉത്പാദനം വർധിപ്പിച്ചത്.
സോഡിയം സയനൈഡ് അടക്കം ഖനന മേഖലക്ക് ആവശ്യമായ കെമിക്കൽ ഉത്പാദിപ്പിക്കുന്ന കമ്പനികളാണ് ഒറികയും ഗോൾഡ് റീജന്റ്റ്സും. വാർഷിക ഉത്പാദനം ഭാവിയിൽ 210,000 ടണിലേക്ക് ഉയർത്താൻ ആസ്ട്രേലിയൻ സർക്കാറിൻ്റെ അനുമതി തേടിയിരിക്കുകയാണ് ഗോൾഡ് റീജന്റ്സ്.
വടക്കേ അമേരിക്കയിൽ ഉത്പാദനം വർധിപ്പിക്കാൻ യു.എസിലെ സൈയൻകോ എന്ന കമ്പനിയെ 640 ദശലക്ഷം ഡോളർ നൽകി ഒറിക കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നതോടെ ഉത്പാദനവും സംസ്കരണവും വർധിച്ചതിനാൽ കമ്പനി പ്രതീക്ഷയിലാണെന്ന് ഒറിക സ്പെഷാലിറ്റി കെമിക്കൽ വിഭാഗത്തിൻ്റെ തലവൻ ആൻഡ്രൂ സ്റ്റ്യൂവർട്ട് പറഞ്ഞു.
ആഫ്രിക്ക, ആസ്ട്രേലിയ, തെക്കേ അമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലെ സ്വർണ ഖനികളിലേക്ക് സയനൈഡ് വിതരണം ചെയ്യുന്നത് ഒറികയാണ്. ഈ വർഷം ഉത്പാദനം 1,3000 ടൺ ആയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. കെമിക്കൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സോഡിയം സയനൈഡ് വിൽപനയിൽനിന്നാണെന്നും അത് തുടരുമെന്നും ആസ്ട്രേലിയൻ ഗോൾഡ് റീജന്റ്സിന്റെ ഉടമസ്ഥരായ റീജന്റ്സിന്റെ ഉടമസ്ഥരായ വെസ്ഫാർമേഴ്സ് കെമിക്കൽ, എനർജി, ഫെർട്ടിലൈസർ വിഭാഗം മാനേജിങ് ഡയറക്ടർ ആരൂൺ ഹൂദ് പറഞ്ഞു.