Drisya TV | Malayalam News

റോക്കറ്റ് ത്രസ്റ്ററുകള്‍ ഉപയോഗിച്ച് വിമാനങ്ങളെ കുത്തനെ പറക്കാനും ഇറക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ നിര്‍ണായവിജയം കൈവരിച്ച് ഗവേഷകർ 

 Web Desk    1 Nov 2025

റോക്കറ്റ് ത്രസ്റ്ററുകൾ ഉപയോഗിച്ച് വിമാനങ്ങളെ കുത്തനെ പറക്കാനും ഇറക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ നിർണായവിജയം കൈവരിച്ച് ഗവേഷകർ. മദ്രാസ് ഐഐടിയലെ ഗവേഷകരാണ് പരിക്ഷണത്തിൽ വിജയിച്ചത്. ത്രസ്റ്ററുകൾ ഘടിപ്പിച്ച തട്ടിനെ കുറഞ്ഞ വേഗത്തിൽ താഴെയിറക്കുന്നതിലാണ് ഗവേഷകർ വിജയിച്ചത്. സെക്കൻഡിൽ ഒരു മീറ്റർ എന്ന സുരക്ഷിതവേഗത്തിലാണത് നിലം തൊട്ടത്. സുരക്ഷിതമായ ഉയരം കൈവരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കൂടി വിജയിച്ചാൽ ഈ സാങ്കേതികവിദ്യ വിജയകരമായിപൂർത്തിയകും.

ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിൽ കുതിപ്പു നൽകുന്നതിനുപയോഗിക്കുന്ന ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് അതിൻ്റെ വേഗവും ശേഷിയും കംപ്യൂട്ടർ സാങ്കേതികവിദ്യയിലൂടെ നിയന്ത്രിച്ചും കണക്കുകൂട്ടിയുമാണ് ഐഐടിയിലെ എയ്റോ സ്പെയ്‌സ്‌ എൻജിനിയറിങ് വിഭാഗത്തിലെ ഗവേഷകർ പരീക്ഷണം നടത്തിയത്. റോക്കറ്റ് ത്രസ്റ്ററുകളിൽ ദ്രവ ഇന്ധനമോ ഖര ഇന്ധനമോ ഉപയോഗിക്കാം. ഓക്‌സീകാരകമായി അന്തരീക്ഷ വായുവിനെ ഉപയോഗിക്കുന്നത് സുരക്ഷ വർധിപ്പിക്കും. കൂടുതൽ പരീക്ഷണങ്ങൾക്കുശേഷം ഇതിന്റെ വാണിജ്യാവശ്യത്തിലേക്കു കടക്കാനാണ് ഗവേഷകരുടെ പദ്ധതി.

യഥാർഥ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് കംപ്യൂട്ടർ സിമുലേഷനിലൂടെ അതിന്റെ വേഗം നിർണയിക്കുന്നതിന് ഐഐടി ആവിഷ്കരിച്ച സംവിധാനം കൃത്യതയാർന്ന നിരീക്ഷണത്തിന് സഹായിക്കുമെന്ന് ഡോ. ജോയൽ ജോർജ് പറഞ്ഞു.

വലിയ വിമാനങ്ങൾക്ക് ഹെലികോപ്റ്ററുകളെപ്പോലെ പറന്നുയരാനാവുമെന്നുവന്നാൽ വ്യോമയാന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവുമെന്ന് പ്രൊഫ. രാമകൃഷ്ണ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News