സ്മാർട്ട്ഫോണുകളിലെ ജിപിഎസ് ചിപ്പിന് ഉപയോക്താവിന്റെ ലൊക്കേഷനേക്കാൾ കൂടുതൽ കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കുമെന്ന് കണ്ടെത്തൽ. ഐഐടി-ഡൽഹിയിൽ നിന്നുള്ള പുതിയ പഠനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ഐഐടി-ഡൽഹിയിലെ എംടെക് വിദ്യാർഥിയായ സോഹം നാഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസർ സ്‌മൃതി ആർ. സാരംഗി എന്നിവർ നടത്തിയ പഠനമാണ് നിർണായ വിവരങ്ങൾ പങ്കുവയ്ക്കുന്നത്. ഇവർ വികസിപ്പിച്ച ആൻഡ്രോകോൺ എന്ന ഒരു സംവിധാനത്തിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്. ജിപിഎസ് ഡാറ്റയിൽ നിന്ന് സന്ദർഭോചിത വിവരങ്ങൾ വേർതിരിച്ചെടുക്കാൻ സാധിക്കുന്നതാണ് ആൻഡ്രോകോൺ എന്നാണ് ഗവേഷകർ പറയുന്നത്.
ഫോൺ ഉപഭോക്താവ് എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി വിലയിരുത്താൻ വിവിധ ആൻഡ്രോയിഡ് ആപ്പുകൾക്ക് ജിപിഎസ് ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫോൺ ഉപയോഗിക്കുന്ന വ്യക്തി ഇരിക്കുക, നടക്കുക തുടങ്ങി ഏത് തരം സാഹചര്യത്തിലാണ് ഉള്ളതെന്ന് ജിപിഎസ് സംവിധാനം കൃത്യമായി വിലയിരുത്തുന്നു എന്നും പഠനം വ്യക്തമാക്കുന്നു.
ലൊക്കേഷൻ അനുമതികളോടെ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ സൂക്ഷ്‌മമായ ജിപിഎസ് വിവരങ്ങൾ ശേഖരിക്കുന്ന തരത്തിൽ രഹസ്യ പരിസ്ഥിതി സെൻസറായി പ്രവർത്തിക്കുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഫോൺ ഉപയോഗിക്കുന്നയാൾ വീടിനകത്താണോ, പുറത്താണോ, തിരക്കേറിയ സ്ഥലത്താണോ, വിമാനത്തിലാണോ എന്നിങ്ങനെയുള്ള വിവരങ്ങൾ ജിപിഎസ് ഡാറ്റ വിശകലനം ചെയ്യുന്നു. ഫോണിന്റെ ക്യാമറ, മൈക്രോഫോൺ, മോഷൻ സെൻസറുകൾ എന്നിവയെ ആശ്രയിക്കാതെ, ഡോപ്ലർ ഷിഫ്റ്റ്, സിഗ്‌നൽ പവർ, മൾട്ടിപാത്ത് ഇടപെടൽ തുടങ്ങിയ ഒമ്പത് ജിപിഎസ് പാരാമീറ്ററുകൾ വിശകലനം ചെയ്ത് മനുഷ്യ പ്രവർത്തനങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളും വിലയിരുത്താൻ കഴിയും.
ഫോൺ ഉപഭോക്താവുള്ള മുറിയുടെ തറയുടെയോ ലേഔട്ട് പോലും രേഖപ്പെടുത്താൻ സാധിക്കുമെന്നും ഫോണിനടുത്ത് കൈ വീശുന്നത് പോലുള്ള സൂക്ഷ്‌മമായ ചലനങ്ങൾ പോലും നിരീക്ഷിക്കപ്പെടുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ലൊക്കേഷൻ അനുമതികളുള്ള ഏതൊരു ആപ്പിനും ഉപയോക്തൃ സമ്മതമില്ലാതെ സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾ വിശ്വസനീയമായ ആപ്പുകൾക്ക് മാത്രമേ ലൊക്കേഷൻ അനുമതികൾ നൽകാവൂ എന്നതിന്റെ പ്രാധാന്യമാണ് പഠനം കാണിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.