Drisya TV | Malayalam News

നവംബർ 4 മുതൽ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടി ഗോ സൗജന്യമായി നൽകുമെന്ന് ഓപ്പൺഎഐ

 Web Desk    29 Oct 2025

നവംബർ 4 മുതൽ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടി ഗോ സൗജന്യമായി നൽകുമെന്ന് ഓപ്പൺഎഐ. ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഓപ്പൺഎഐയുടെ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ മിഡ്-ടിയർ സബ്സ്ക്രിപ്ഷൻ പ്ലാനാണ് ചാറ്റ്ജിപിടി ഗോ.

കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ ആഗോള വിപണിയാണ് ഇന്ത്യ. എതിരാളികളായ ഗൂഗിളിന്റെയും പെർപ്ലെക്സിറ്റിയുടെയും തന്ത്രങ്ങളെ മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ചാറ്റ്ജിപിടി ഗോയിലേക്കുള്ള ഒരു വർഷത്തെ സൗജന്യ പ്രവേശനം എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശാലമായ ഇന്ത്യൻ ഉപഭോക്തൃ സമൂഹത്തെ ആകർഷിക്കുന്നതിനായി രണ്ട് കമ്പനികളും അടുത്തിടെ പ്രീമിയം എഐ ഫീച്ചറുകൾക്കുള്ള ഫീസ് ഒഴിവാക്കിയിരുന്നു.

19,500 രൂപ വിലയുള്ള തങ്ങളുടെ എഐ പ്രോ മെമ്പർഷിപ്പ് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് സൗജന്യമാക്കിയ ഗൂഗിളിന്റെ നീക്കത്തിന് പിന്നാലെയാണ് ഓപ്പൺഎഐയുടെ ഈ തീരുമാനം. അതുപോലെ, പെർപ്ലെക്‌സിറ്റി ടെലികോം ഭീമനായ എയർടെലുമായി സഹകരിച്ച് തങ്ങളുടെ പ്രീമിയം പ്ലാനിലേക്ക് സൗജന്യ ആക്സസ് നൽകിയിരുന്നു, ഇത് രാജ്യത്തെ എഐ വിപണി വിഹിതത്തിനായുള്ള മത്സരം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് ഓപ്പൺഎഐയുടേയും സമാനനീക്കം.

പ്രതിമാസം 399 രൂപ എന്ന നിരക്കിൽ ഓഗസ്റ്റിലാണ് ഇന്ത്യയിൽ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചത്. സൗജന്യ പതിപ്പിനും ഉയർന്ന നിരക്കുള്ള ചാറ്റ്ജിപിടി പ്ലസ് സബ്സ്ക്രിപ്ഷനും മധ്യത്തിലുള്ളതായിരുന്നു ഇത്. ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്ന ചാറ്റ്ജിപിടി ഗോ ഇന്ത്യൻ ഉപയോക്താക്കൾക്ക് കാര്യമായ നേട്ടങ്ങൾ വാഗ്‌ദാനം ചെയ്യുന്നതാണ്. ഉയർന്ന മെസ്സേജ് പരിധി, വർധിച്ച പ്രതിദിന ഇമേജ് സൃഷ്ടിക്കലും അപ്ലോഡുകളും, കൂടുതൽ വ്യക്തിഗതവും സന്ദർഭോചിതവുമായ മറുപടികൾക്കായി ദീർഘമായ മെമ്മറി എന്നിവയാണ് ഗോയുടെ സവിശേഷതകൾ.

ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ വിപണി മാത്രമല്ല, ഏറ്റവും വേഗത്തിൽ വളരുന്ന വിപണി കൂടിയാണെന്നാണ് ഇന്ത്യയെന്ന് ഓപ്പൺഎഐ സ്ഥാപകനും സിഇഒയുമായ സാം ആൾട്ട്മാൻ അടുത്തിടെ പറഞ്ഞിരുന്നു. ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയിലെ മൊത്തം പെയ്ഡ് സബ്സ്ക്രിപ്ഷനുകൾ ഇരട്ടിയിലധികമായി വർധിച്ചുവെന്നും ഇത് അഡ്വാൻസ്‌ഡ് എഐ സേവനങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം അടിവരയിടുന്നുവെന്നും കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷം ഗോ പ്ലാൻ ലോകമെമ്പാടുമുള്ള 90-ഓളം വിപണികളിലേക്ക് വ്യാപിപ്പിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News