Drisya TV | Malayalam News

ഗൂഗിളിനെ വെല്ലുവിളിച്ച് അറ്റ്ലസ് എന്ന പുതിയ വെബ് ബ്രൗസറുമായി ഓപ്പൺഎഐ

 Web Desk    26 Oct 2025

അറ്റ്ലസ് എന്ന പുതിയ വെബ് ബ്രൗസറുമായെത്തി ഗൂഗിളിനെ നേർക്കുനേർ വെല്ലുവിളിക്കുകയാണ് ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐ.ആപ്പിൾ ലാപ്ടോപ്പുകളിൽ ''അറ്റ്ലസ്'' ചൊവ്വാഴ്ച ലഭ്യമാകുമെന്ന് ഓപ്പൺഎഐ അറിയിച്ചു. പിന്നീട് മൈക്രോസോഫ്റ്റിന്റെ വിൻഡോസ്, ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്‌റ്റങ്ങളിലും ലഭ്യമാകും.

ചാറ്റ്ജിപിടിയെ ഓൺലൈൻ തിരയലുകൾക്കുള്ള കവാടമാക്കുന്നതിലൂടെ കൂടുതൽ ഇന്റർനെറ്റ് ട്രാഫിക്കും പരസ്യവരുമാനവും നേടാൻ ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്‌റ്റാർട്ടപ്പായ ഓപ്പൺഎഐക്ക് കഴിഞ്ഞേക്കും.

അതേസമയം, ചാറ്റ്ജിപിടി ഫലപ്രദമായി വിവരങ്ങൾ സംഗ്രഹിച്ചു നൽകിയാൽ ആളുകൾ ഇന്റർനെറ്റിൽ സമയം ചെലവിടുന്നതും പരമ്പരാഗത വെബ് ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതും നിർത്തിയേക്കാം. 

ഒരു ബ്രൗസർ എങ്ങനെയുള്ളതായിരിക്കണമെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും പുനരാലോചിക്കാൻ പതിറ്റാണ്ടിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ അവസരമാണിതെന്ന് ആൾട്‌മാൻ പറഞ്ഞു. പരമ്പരാഗത ഓപ്പൺഎഐ സിഇഒ സാം ബ്രൗസറിലെ യുആർഎൽ ബാറിന് പകരം ചാറ്റ്ബോട്ട് ഇന്റർഫെയ്‌സ് വരുമെന്നാണ് ആൾട്‌മാൻ കരുതുന്നത്.

എന്നാൽ, ഗൂഗിളുമായി മത്സരിക്കുന്നത് വലിയ വെല്ലുവിളിയാകും. ലോകമെമ്പാടുമായി ഗൂഗിൾ ക്രോമിന് 300 കോടി ഉപയോക്താക്കളാണുള്ളത്. ജെമിനൈയുടെ മികവു കൂടി ചേരുമ്പോൾ ഓപ്പൺഎഐക്കു കാര്യങ്ങൾ എളുപ്പമാകില്ല.

ഗൂഗിളിന്റെ കുത്തക തടയാനായി ക്രോം ബ്രൗസർ വിൽക്കാൻ കോടതി ഉത്തരവിട്ടാൽ അതു വാങ്ങാൻ താൽപര്യമുണ്ടെന്ന് ഓപ്പൺഎഐ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി വിൽപനയ്ക്ക് ഉത്തരവിട്ടില്ല. ഇതിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് ഓപ്പൺഎഐയുടെ സ്വന്തം ബ്രൗസർ പുറത്തിറങ്ങുന്നത്.

  • Share This Article
Drisya TV | Malayalam News