Drisya TV | Malayalam News

എഐ സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്ക് ലേബലിങ് നിർബന്ധമാക്കും

 Web Desk    25 Oct 2025

നിർമിതബുദ്ധി (എഐ) ഉപയോഗിച്ചും മറ്റും ഡീപ്ഫെയ്ക്ക് പോലുള്ള കൃത്രിമ ഉള്ളടക്കങ്ങൾ സൃഷ്ടിച്ച് ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയാൻ കരട് ചട്ടമുണ്ടാക്കി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. എഐ ഉപയോഗിച്ചോ അൽഗൊരിതത്തിൽ മാറ്റംവരുത്തിയോ സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്ക് ലേബലിങ് നിർബന്ധമാക്കും. അതായത്, യഥാർഥമെന്നു തോന്നിക്കുംവിധം കൃത്രിമമായി സൃഷ്ടിച്ചതാണെങ്കിൽ അക്കാര്യം ലേബലിങ്ങിലൂടെ വ്യക്തമാക്കിയിരിക്കണം.2025-ലെ ഐടി (ഇടനിലക്കാർക്കുള്ള മാർഗരേഖയും ഡിജിറ്റൽ മാധ്യമ ധാർമികതാ കോഡും) ഭേദഗതിച്ചട്ടമാണ് പുറത്തിറക്കിയത്.

യഥാർഥമെന്നോ സത്യമെന്നോ തോന്നിക്കുംവിധം സൃഷ്ടിച്ചതോ മാറ്റംവരുത്തിയതോ ആയ ‘സിന്തറ്റിക് ഉള്ളടക്കങ്ങൾ' ആണോയെന്ന് ഫെയ്‌സ്ബുക്ക് പോലുള്ള സാമൂഹികമാധ്യമ ഇടനിലക്കാർ ഉറപ്പുവരുത്തണം. ഇതിനുള്ള സംവിധാനമുണ്ടാക്കണം.

സിന്തറ്റിക് ഉള്ളടക്കമല്ലെന്ന് ഉപയോക്താക്കളിൽനിന്ന് ഡിക്ലറേഷൻ വാങ്ങുകയും അത് ശരിയാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും വേണം.

കൃത്രിമമായി സൃഷ്ടിച്ച ഉള്ളടക്കമാണെന്ന് ലേബൽ ഇല്ലാത്തവ, അറിഞ്ഞുകൊണ്ട് അനുവദിച്ചാൽ സാമൂഹികമാധ്യമ ഇടനിലക്കാർ ചട്ടലംഘനം നടത്തിയെന്ന് കണക്കാക്കും. അപ്ലോഡ് ചെയ്യപ്പെടുന്നത് കൃത്രിമ ഉള്ളടക്കമാണോ എന്ന് പരിശോധിക്കാൻ സാങ്കേതിക സംവിധാനങ്ങളുണ്ടാവണം.

  • Share This Article
Drisya TV | Malayalam News