നിർമിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന അതിബുദ്ധിയാർജ്ജിച്ച യന്ത്രങ്ങളും റോബട്ടുകളും നിർമിക്കാൻ നടത്തുന്ന പരക്കംപാച്ചിൽ മനുഷ്യന് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ വിനയായേക്കാമെന്ന് എഐ യുടെ തലതൊട്ടപ്പൻ എന്ന് വിളിക്കുന്ന യോഷ്വാ ബെൻജിയോയുടെ മുന്നറിയിപ്പ്. മേൽക്കോയ്മ നേടാൻ എന്തും ചെയ്യുമെന്ന് ദൃഢപ്രതിജ്‌ഞ എടുത്തിരിക്കുന്ന എഐ കമ്പനികൾ അടുത്ത പത്തു വർഷത്തിനുള്ളിൽ ഹൈപ്പർഇന്റലിജന്റ് യന്ത്രങ്ങളെ സൃഷ്ടിച്ചേക്കാം.
ഇവ മനുഷ്യന്റെ ആവശ്യങ്ങൾക്ക് മുൻഗണന നിൽകുന്നതിനു പകരം സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യം സംജാതമാകാമെന്നാണ് യോഷ്വാ ബെൻജിയോ ഇപ്പോൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിനുള്ള സാധ്യത ഒരു ശതമാനമാണെങ്കിൽ പോലും അത് അവഗണിക്കരുതെന്നാണ് ബെൻജിയോയുടെ മുന്നറിയിപ്പ്.
പ്രമുഖ എഐ സംഭാഷണ സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഓപ്പൺഎഐയുടെ മേധാവി സാം ഓൾട്ട് മാൻ പറയുന്നത് ബുദ്ധിയുടെ കാര്യത്തിൽ ഇപ്പോൾ തന്നെ എഐ ശരാശരി മനുഷ്യരെക്കാൾ മികവാർജ്‌ജിച്ചു കഴിഞ്ഞു എന്നാണ്.
ജിപിറ്റി-5ന്റെ അവതരണവുമായി ബന്ധപ്പെട്ട് സംഘടിപ്പക്കപ്പെട്ട വേദിയിലാണ് എഐ പല തരത്തിലും മനുഷ്യരേക്കാൾ സ്മാർട് ആയിക്കഴിഞ്ഞു എന്ന് ഓൾട്ട്മാൻ അവകാശപ്പെട്ടത്. ഈ പതിറ്റാണ്ട് അവസാനിക്കുന്നതിനു മുമ്പു തന്നെ മനുഷ്യരുടെ ബുദ്ധിക്കപ്പുറം കടക്കുന്ന എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ സാധിക്കും എന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.
എഐ മേഖലയിൽ മേധാവിത്വം ഉറപ്പിക്കണമെങ്കിൽ സദാ നൂതന സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കണം.അങ്ങനെ പോയി പോയി സ്വയംപ്രതിരോധം തീർക്കാൻ കെൽപ്പുളള യന്ത്രങ്ങളെ സൃഷ്ടിച്ചാൽ അവ മനുഷ്യരേക്കാൾ വളരെയധികം സ്‌മാർട്ട് ആയിരിക്കുമെന്നാണ് ദ് വോൾസ്ട്രീറ്റ് ജേണലിനു നൽകിയ അഭിമുഖ സംഭാഷണത്തിൽ ബെൻജിയോ അഭിപ്രായപ്പെട്ടത്. ഇത് മനുഷ്യരാശിയുടെ നിലനിൽപ്പി തന്നെ ഭീഷണിയായേക്കാമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയെ എതിരിടാൻ നമ്മേക്കാൾ ശേഷിയുള്ള ഒരു മത്സരാർത്ഥിയെ നാം തന്നെ വികസിപ്പിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം മുന്നറിയപ്പു നൽകി.