ശതകോടീശ്വരൻ ഗൗതം അദാനിയുടെ സിമൻ്റ് കമ്പനിയായ എ.സി.സിക്ക് വൻ തുക പിഴ ചുമത്തി ആദായ നികുതി വകുപ്പ്. രണ്ട് വ്യത്യസ്ത കേസുകളിൽ 23.07 കോടി രൂപയാണ് പിഴ ചുമത്തിയത്.2015-16 മൂല്യനിർണയ വർഷത്തെ വരുമാനം സംബന്ധിച്ച് തെറ്റായ കണക്കുകൾ നൽകിയതിന് 14.22 കോടി രൂപയും 2018-19 മൂല്യനിർണയ വർഷത്തെ വരുമാനം കണക്കുകൾ നൽകാതിരുന്നതിന് 8.85 കോടി രൂപയുമാണ് പിഴ.നടപടിക്കെതിരെ ആദായ നികുതി കമ്മീഷണർക്ക് പരാതി നൽകുമെന്ന് എ.സി.സി അറിയിച്ചു.
കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ നടപടി ബാധിക്കില്ലെന്നും വ്യക്തമാക്കി. ഒക്ടോബർ ഒന്നിനാണ് എ.സി.സിയുടെ മേൽ പിഴ ചുമത്തിയത്. അംബുജ സിമെന്റിന്റെയും അദാനി സിമെന്റിന്റെയും സബ്‌സിഡിയറി കമ്പനിയാണ് എ.സി.സി.
2022 സെപ്റ്റംബറിലാണ് അദാനി ഗ്രൂപ്പ് സ്വിറ്റ്സർലൻഡിലെ ഹോൾസിം ഗ്രൂപ്പിൽനിന്ന് 6.4 ബില്യൺ യുഎസ് ഡോളർ അതായത് 56,320 കോടി രൂപയുടെ കരാറിൽ അംബുജ സിമന്റ്സും അനുബന്ധ സ്ഥാപനമായ എ.സി.സി ലിമിറ്റഡും ഏറ്റെടുത്തത്. അദാനി ഏറ്റെടുക്കുന്നതിന് മുമ്പുള്ള സംഭവങ്ങളിലാണ് ആദായ നികുതി പിഴ ചുമത്തിയിരിക്കുന്നത്.