അമേരിക്കയുടെ ചാറ്റ്ജിപിറ്റിയും, ചൈനയുടെ ഡീപ്‌ീക്കും അടക്കമുള്ള നിർമ്മിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സേവനങ്ങൾക്ക് നേരിട്ടു വെല്ലുവിളി ഉയർത്താൻ എത്തുകയാണ് ഇന്ത്യയിൽ വികസിപ്പിച്ച വെബ്എനോയിഡ് (WebEnoid). പ്രാഥമിക ടെസ്റ്റുകളിൽ മറ്റ് എഐ സേർ സംവിധാനങ്ങളെക്കാൾ മികവു പുലർത്തുന്നു എന്നാണ് കാണാൻ സാധിച്ചിരിക്കുന്നത്.
പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ച്, ആഗോള തലത്തിൽ ചിറകുവിരിച്ചുയരാൻ ആഗ്രഹിക്കുന്ന എഐ സംവിധാനത്തിനു പിന്നിൽ ആലപ്പുഴയിൽ നിന്നുള്ള മലയാളി ബിസിനസുകാരനായ ജോയൽ ഇമ്മാനുവലിന്റെ ബുദ്ധിയാണ് ഉള്ളത് എന്നത് കേരളത്തിന് ഇരട്ടി മധുരം സമ്മാനിക്കുന്നു. ഇനിയുള്ള കാലത്ത് സ്വന്തം കാലിൽ നിൽക്കാനായി രാജ്യം പ്രാപ്തമാകണം എന്ന തന്റെ "മെയിക്ക് ഇൻ ഇന്ത്യാ" സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഐഐ സെവനം ഇന്ത്യൻ ടെക്നോളജിയുടെ ചരിത്രത്തിൽ പുതിയ ചരിത്രം കുറിക്കുകയാണെന്ന് ബെംഗളൂരു കേന്ദ്രമായി ആരംഭിച്ച വെബ്എനോയിഡിന്റെ മേധാവി ജോയൽ അവകാശപ്പെട്ടു.
ചാറ്റ്ജിപിറ്റിയും പെർപ്ലക്സിറ്റിയും പോലെ വിവരങ്ങൾ ആരായാനുള്ള ഉപാധി എന്നതിനപ്പുറത്ത് പല സേവനങ്ങളും നൽകാനും കമ്പനി ഉദ്ദേശിക്കുന്നു. എതൊരു വെബ്സൈറ്റിലും ഒരു വരി കോഡ് ചേർക്കുക വഴി അതിനെ സമൂലം പരിഷ്കരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലാർജ് ലാംഗ്വേജ് മോഡലുകളിൽ (എൽഎൽഎം) അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ആഗോള ഭീമന്മാരുടേതിനേക്കാൾ മികവാർന്ന് പ്രകടനം നൽകാൻ ഇപ്പോൾ സജ്ജമാണ് വെബ്എനോയിഡ് എന്ന് കമ്പനി പറയുന്നു.
ഏതൊരു വെബ്സൈറ്റിലും തങ്ങളുടെ കോഡ് ഉൾക്കൊള്ളിക്കുക വഴി തങ്ങളുടെ കസ്റ്റമർ മാരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായി അറിയാനാകും. ആ കോഡ് വെബ്സൈറ്റ് ഉടമയുടെ ഒരു ജോലിക്കാരനെ പോലെ പ്രവർത്തിക്കും.ഇങ്ങനെ വെബ്സൈറ്റുകളെ പുതുക്കാൻ ആർക്കും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിന് ടെക്നോളജി അറിയേണ്ട ആവശ്യംപോലും ഇല്ല. വെബ്എനോയിഡ് വെബ്സൈറ്റിലെത്തി തങ്ങളുടെ വെബ്സൈറ്റ് ഇത്തരത്തിൽ പരിവർത്തനം ചെയ്യണമെന്ന് ടൈപ് ചെയ്തു നൽകിയാൽ മാത്രം മതി ആ കോഡ് ലഭിക്കാൻ. അതു ചെയ്യുന്ന മാത്രയിൽ തന്നെ വെബ്സൈറ്റിനെ എഐ ശക്തിപകരുന്ന, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഇന്ററാക്ടിവ് സംവിധാനമായി മാറ്റാമെന്ന് കമ്പനി പറയുന്നു.