സൗദി അറേബ്യയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ താൽപര്യമുള്ള കമ്പനികളിൽനിന്ന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രാജ്യത്ത് നിക്ഷേപ സാധ്യതകൾ തുറക്കുകയും സ്‌മാർട്ടും സുരക്ഷിതവുമായ ഗതാഗത സംവിധാനം വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിനും സൗദി വിഷൻ 2030-നും അനുസൃതമായി, റിയാദ് തലസ്ഥാനത്ത് കഴിഞ്ഞയാഴ്ച അതോറിറ്റി നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡ്രൈവറില്ലാ വാഹനങ്ങളുടെ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ബിസിനസ് മോഡലിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്.
ഈ പുതിയ നടപടിയിലൂടെ പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് ഡ്രൈവറില്ലാ വാഹന മേഖലയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. അപേക്ഷകൾ ഇലക്ട്രോണിക് ഫോം വഴിയാണ് സ്വീകരിക്കുക. അപേക്ഷകർ ഒരു ക്യു.ആർ കോഡ് ഉപയോഗിച്ച് 'അപ്ലിക്കേഷൻ ഡോക്യുമെന്റ്' പൂരിപ്പിക്കണം.
ഇത് കൃത്യമായ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് അപേക്ഷകൾ വിലയിരുത്താൻ അതോറിറ്റിയെ സഹായിക്കും. ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ https://www.tga.gov.sa/SharedFile/e5ab3c fd-46f5-45df-9fe9-488376a5b3ed ലിങ്ക് വഴി അപേക്ഷാ ഫോം പൂരിപ്പിച്ച് 19929@tga.gov.sa എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണമെന്ന് അതോറിറ്റി അറിയിച്ചു.