ഉപഭോക്താക്കളെ കബളിപ്പിച്ച് ''പ്രൈം'' സബ്സ്‌ക്രിപ്ഷന്‍ അംഗത്വമെടുപ്പിച്ചു, അത് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മനഃപൂര്‍വം സങ്കീര്‍ണമാക്കി തുടങ്ങിയ ആരോപണങ്ങളില്‍ ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനുമായി ഒത്തുതീര്‍പ്പിലെത്തി. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ 250 കോടി ഡോളര്‍ (ഏകദേശം 22,000 കോടി രൂപ) പിഴയടയ്ക്കാന്‍ ധാരണയായി. 100 കോടി ഡോളര്‍ (ഏകദേശം 8,800 കോടി രൂപ) സിവില്‍ പിഴയായും 150 കോടി ഡോളര്‍ (ഏകദേശം 13,200 കോടി രൂപ) വരിക്കാര്‍ക്ക് തിരികെ നല്‍കാനും (റീഫണ്ട്) ആണ് ധാരണ. കൂടാതെ, പ്രൈം സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനും ആമസോണ്‍ സമ്മതിച്ചിട്ടുണ്ട്.
കേസിന്റെ വിചാരണയ്ക്കായി ഒമ്പതംഗ ജൂറിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ 10 വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകും. ഓണ്‍ലൈന്‍ ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള 2010-ലെ നിയമം ആമസോണ്‍ ലംഘിച്ചുവെന്ന് കാണിച്ച് 2023-ലാണ് എഫ്.ടി.സിയില്‍ കേസ് നല്‍കിയത്. ഉപഭോക്താക്കള്‍ അറിയാതെയോ അവരുടെ സമ്മതമില്ലാതെയോ ലക്ഷക്കണക്കിന് പേര്‍ പ്രൈമില്‍ അംഗങ്ങളായി. പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അത് പരിഹരിക്കാന്‍ ആമസോണ്‍ വിസമ്മതിച്ചതായി എഫ്.ടി.സി. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. മാത്രമല്ല, പ്രൈം അംഗത്വം റദ്ദാക്കാനുള്ള പ്രക്രിയ മനഃപൂര്‍വം സങ്കീര്‍ണമാക്കിയെന്നും എഫ്.ടി.സി. ആരോപിച്ചു.
ഉപഭോക്താക്കള്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ ക്ലിക്ക് ചെയ്യുന്ന ബട്ടണുകള്‍, തങ്ങള്‍ പ്രൈമില്‍ വരിചേരുകയാണ് എന്ന് വ്യക്തമായി അറിയിക്കാത്ത വിധത്തിലായിരുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് പേര്‍ അബദ്ധത്തില്‍ പ്രൈം അംഗങ്ങളായി.വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് ഭയന്ന്, അബദ്ധത്തില്‍ വരിക്കാരാകുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ ആമസോണ്‍ വിസമ്മതിച്ചു. പ്രൈം അംഗത്വം റദ്ദാക്കാനുള്ള പ്രക്രിയ മനഃപൂര്‍വം സങ്കീര്‍ണ്ണമാക്കി. 15 ഓപ്ഷനുകളുള്ള നാല് വെബ്പേജുകളിലൂടെ കടന്നുപോയാല്‍ മാത്രമേ റദ്ദാക്കാന്‍ കഴിയൂ-എഫ്.ടി.സി. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.