ഇസ്രായേൽ ഡ്രോൺ ഡെലിവറി കമ്പനിയായ ഫ്ലൈട്രെക്സിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തി ട്രാൻസ്പോർട് കമ്പനി ഉബർ. വ്യാഴാഴ്ച യൂബർ ടെക്നോളജീസും ഇസ്രായേലി ഡ്രോൺ കമ്പനിയായ ഫ്ലൈട്രെക്സും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഡ്രോൺ ഡെലിവറി കമ്പനിയിൽ ഉബറിന്റെ ആദ്യ നിക്ഷേപമാണിത്. ഡ്രോൺ ഡെലിവറി സാങ്കേതികവിദ്യയുടെ വികസനവും വിന്യാസവും ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
ഈ പങ്കാളിത്തത്തിന്റെ കീഴിൽ വർഷാവസാനത്തോടെ ഉബർ ഈറ്റ്സ് ഒരു യുഎസ് പൈലറ്റ് സർവീസ് ആരംഭിക്കും. ഫ്ലൈട്രെക്സിന്റെ ഡ്രോൺ ഡെലിവറി സിസ്റ്റവുമായി സഹകരിച്ച് ഉപഭോക്താക്കളുടെ വീടുകളിൽ ഭക്ഷണ വിതരണം നടത്തുക എന്നതാണ് ഉബറിന്റെ ഉദേശം. ഇത് ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ ഓർഡറുകൾ സ്വീകരിക്കാൻ പ്രാപ്‌തമാക്കുമെന്നും ഉബർ അവകാശപ്പെടുന്നു. ഇതാദ്യമായാണ് ഉബർ ഒരു ഡ്രോൺ ഡെലിവറി സേവനം ആരംഭിക്കുന്നത്. 2010-കളിൽ സ്വതന്ത്രമായി അത്തരമൊരു സേവനം വികസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.