മൾട്ടിപ്ലെക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദനീയമല്ലെങ്കിൽ, സൗജന്യ കുടിവെള്ളലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ നിർദേശിച്ചു. മൾട്ടിപ്ലെക്സിൽ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് ചൂണ്ടിക്കാണിച്ചും കോഴിക്കോട് സ്വദേശിയായ ഐ. ശ്രീകാന്താണ് പരാതി നൽകിയത്.
ഈ സൗകര്യം വൃത്തിയോടെ നിലനിർത്തണമെന്നും സൗജന്യ കുടിവെള്ളം ലഭ്യമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.