ഗൂഗിൾ മാപ്പ് പോലുള്ള നാവിഗേഷൻ ആപ്പ് നോക്കി വാഹനം ഓടിക്കുമ്പോൾ അതിന്റെ ഓഡിയോകൂടി പ്രവർത്തനക്ഷമമാക്കുന്നത് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുമെന്ന് മോട്ടോർവാഹനവകുപ്പ്. അപരിചിതമായ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് നാവിഗേഷൻ മാപ്പുകളെയാണ്.
വാഹനത്തിന്റെ ഡാഷ് ബോർഡിലെ സ്ക്രീനിലോ മൊബൈൽ ഫോണിലോ ആണ് നാവിഗേഷൻ ആപ്പുകൾ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, ആപ്പുകളിലുള്ള ഓഡിയോ പ്രവർത്തിപ്പിക്കാൻ മിക്കവരും താത്പര്യം പ്രകടിപ്പിക്കാറില്ല. ഓഡിയോ പ്രവർത്തിപ്പിച്ചാൽ വാഹനത്തിന്റെ ഡാഷ് ബോർഡിലെയോ മൊബൈലിലെയോ സ്ക്രീനിൽ ഓൺ ആക്കിയിരിക്കുന്ന നാവിഗേഷൻ ആപ്പുകൾ നോക്കാതെ വരാനിരിക്കുന്ന വളവുകൾ, ട്രാഫിക് പോയിന്റുകൾ, അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, വേഗമേറിയ റോഡിനായുള്ള നിർദേശങ്ങൾ തുടങ്ങിയവ ഡ്രൈവർക്ക് സമയബന്ധിതമായി ലഭിക്കും. ഇത് കൂടുതൽ ശ്രദ്ധയോടും കാര്യക്ഷമമായും വാഹനം ഓടിക്കാൻ സഹായിക്കുമെന്ന് വാഹന നവകുപ്പ് പറയുന്നു.
ഓഡിയോ പ്രവർത്തിപ്പിക്കാതിരുന്നാൽ നാവിഗേഷൻ ആപ്പുകൾ ഓൺ ചെയ്തിരിക്കുന്ന സ്ക്രീനിലോ മൊബൈൽ ഫോണിലോ നിരന്തരം നോക്കുന്നത് ഡ്രൈവിങ്ങിലെ ശ്രദ്ധകുറയ്ക്കും. ആപ്പുകൾ പ്രവർത്തിപ്പിക്കാൻ കൈകൾ പലപ്പോഴും സ്റ്റിയറിങ്ങിൽനിന്നും പിൻവലിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് വാഹനവകുപ്പ് പറയുന്നു. റോഡിലെ കാഴ്‌ചകൾ മറയാതെയും ശ്രദ്ധമാറാതെയും നോക്കാവുന്ന തരത്തിൽ നാവിഗേഷൻ ആപ്പുകൾ പ്രവർത്തിപ്പിക്കുന്ന ഡിവൈസുകൾ വാഹനങ്ങളിൽ ഘടിപ്പിക്കണം.