സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിനായി ലോണെടുക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച് വരികയാണ്. സോഷ്യല്‍ മീഡിയ ബൂമും, എല്ലാവരും കണ്ടന്റ് ക്രിയേറ്റേഴ്‌സും ആയതോടെ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ എടുക്കാന്‍ ആര്‍ക്കും മടിയില്ലാതായി. 85ശതമാനം തുകവരെ ഫോണ്‍ വാങ്ങാന്‍ വായ്പ നല്‍കുന്നവരുമുണ്ട്. വായ്പ ലഭിക്കാനും ലളിതമായ വ്യവസ്ഥകളായതിനാല്‍ വായ്പ എടുക്കാനും എളുപ്പമാണ്.
ആഗ്രഹത്തിന് അനുസരിച്ച് പ്രീമിയം ഫോണ്‍ കയ്യില്‍ ലഭിച്ചാല്‍ ആദ്യത്തെ രണ്ടുമാസങ്ങള്‍ക്ക് ശേഷം ഇഎംഐ അടയ്ക്കുന്നത് തന്നെ പലരും തെറ്റിച്ചുതുടങ്ങും. ഇതിന് പരിഹാരമായാണ് ലെന്‍ഡേഴ്‌സിന് ഫോണ്‍ ലോക്ക് ചെയ്യാനുള്ള അനുമതി നല്‍കാനുള്ള നീക്കത്തിലേക്ക് ആര്‍ബിഐ കടക്കുന്നത്.
പക്ഷെ ഫോണ്‍ ലോക്ക് സംവിധാനം ഉപയോഗിക്കുന്നതിന് മുന്‍പ് വായ്പ നല്‍കുന്ന സാമ്പത്തിക സ്ഫാനങ്ങള്‍ കടമെടുത്തയാളില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കണം. ഫോണില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതിയില്ല.
ഈ നീക്കത്തെ വായ്പ നല്‍കുന്നവരെല്ലാം അനുകൂലിച്ചെങ്കിലും ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്കയും ഉപഭോക്കാള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. തന്നെയുമല്ല ഫോണ്‍ എന്നത് ഒരു ഗാഡ്‌ജെറ്റ് എന്നതിലുപരി ദൈനംദിനജീവിതത്തിലെ അത്യാന്താപേക്ഷിത ഘടകം കൂടിയായി മാറിയിരിക്കുകയാണ്. ജോലി, വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി എന്തിനും ഫോണ്‍ വേണമെന്ന അവസ്ഥയാണ്. അതിനാല്‍ ഫോണ്‍ ലോക്ക് ചെയ്യുക എന്ന നടപടി അവരുടെ ജീവിതത്തിന് തന്നെ വിലങ്ങിടുന്നതിന് തുല്യമാണെന്നും വാദമുണ്ട്.എന്തായാലും ആര്‍ബിഐ ഇതുസംബന്ധിച്ച ചര്‍ച്ചകളിലാണ്. ഉപഭോക്താക്കളുടെയും ലെന്‍ഡേഴ്‌സിന്റെയും താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.