Drisya TV | Malayalam News

അമീബിക് മസ്‌തിഷ്‌കജ്വരം: കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ

 Web Desk    12 Sep 2025

അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം 16 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലെന്ന് ആരോഗ്യവിദഗ്‌ധരുടെ വിലയിരുത്തൽ. 1971 മുതൽ രാജ്യത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ചു കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ.

മലിനജലത്തിൽ കുളിക്കുന്നവർക്കാണു രോഗം വരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. പക്ഷേ, കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നതിനാൽ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിർദേശം. തിരുവനന്തപുരം ജില്ലയിൽ മാത്രം 2 വർഷത്തിനിടെ 51 പേർക്കാണു രോഗം ബാധിച്ചത്. ഇതിൽ 6 പേർ മരിച്ചു. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ജലസമൃദ്ധമായതാണു രോഗബാധിതർ കൂടാൻ കാരണമെന്നാണു വിശദീകരണം.

രോഗത്തിന്റെ രാജ്യാന്തര മരണനിരക്ക് 97 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 24 ശതമാനമായി നിയന്ത്രിച്ചതു നേട്ടമെന്നാണു സർക്കാരിന്റെ അവകാശവാദം.

മരുന്നു കൊടുത്തു ചികിത്സിക്കുന്നതല്ല, രോഗപ്രതിരോധത്തിലാണു വിജയിക്കേണ്ടതെന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമീബ ശരീരത്തിൽ എത്താതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന വിശദ മാർഗനിർദേശം തയാറാക്കണം. ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ചു സംസ്ഥ‌ാനത്ത് അര ലക്ഷത്തോളം കുളങ്ങളുണ്ട്.

കിണറുകൾപോലെ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്താൽ അത് ആവാസവ്യവസ്‌ഥയെ ബാധിക്കും. കുളങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്നാണു വിദഗ്‌ധരുടെ അഭിപ്രായം. സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തിൽ 16% മാത്രമേ ശാസ്ത്രീയമായി സംസ്കരിക്കുന്നുള്ളൂ. ബാക്കിയെല്ലാം മണ്ണിലേക്ക് ഒഴുക്കി വിടുകയാണ്. ബാക്ടീരിയ ഉള്ള സ്ഥലങ്ങളിൽ അമീബയുടെ സാന്നിധ്യം കൂടുതലായിരിക്കും. മാത്രമല്ല, കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിനും ഇടപെടൽ വേണം.

  • Share This Article
Drisya TV | Malayalam News