കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ യാനി പാപാനികോലാവ്, സ്റ്റുവർട്ട് എം. ഫിലിപ്സ് എന്നിവർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 19 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 16,000-ത്തോളം പേരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഇവർ ഈ നിഗമനത്തിലെത്തിയത്. അപ്ലൈഡ് ഫിസിയോളജി, ന്യൂട്രീഷ്യൻ ആൻഡ് മെറ്റബോളിസം എന്ന പിയർ റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മൃഗങ്ങളിൽ നിന്നോ സസ്യങ്ങളിൽ നിന്നോ ഉള്ള പ്രോട്ടീൻ സാധാരണഗതിയിൽ എത്രത്തോളമാണ് ഇവർ ഉപയോഗിക്കുന്നത് എന്ന വിവരമാണ് ഗവേഷകർ പരിശോധിച്ചത്. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ കാരണങ്ങളാൽ ഉൾപ്പെടെയുള്ള മരണസാധ്യതയുമായി ഇവരുടെ ഡയറ്റ് പ്ലാനിന് ബന്ധമുണ്ടോ എന്നും ഗവേഷകർ പരിശോധിച്ചു.
മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ കൂടുതൽ കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ല എന്നാണ് ഗവേഷകർ ഒടുവിൽ കണ്ടെത്തിയത്. ഇറച്ചി കൂടുതൽ കഴിക്കുന്നവരിൽ കാൻസർ കാരണമുള്ള മരണനിരക്ക് കുറവുള്ളതായും ഗവേഷകർ കണ്ടെത്തി. മൃഗങ്ങളിൽ നിന്നുള്ളതായാലും സസ്യങ്ങളിൽ നിന്നുള്ളതായാലും ഏതുതരം പ്രോട്ടീൻ കഴിച്ചാലും അത് ഏതെങ്കിലും തരത്തിലുള്ള മരണസാധ്യത വർധിപ്പിക്കുന്നില്ല എന്നും പഠനത്തിൽ പറയുന്നു.